SHARE

ചിലി താരം അർട്ടൂറോ വിദാൽ ഈ സീസൺ തുടക്കത്തിൽ ബാഴ്സയിലെത്തിയപ്പോൾ മൂക്കത്ത് വിരൽ വെച്ചവരയായിരുന്നു ഏറെയും. ബാഴ്സയ്ക്ക് ചേരുന്ന കളിശൈലിയല്ല വിദാലിന്റേത്, ബെഞ്ചിലിരുന്ന് മുടിഞ്ഞുപോകും എന്നൊക്കെയായിരുന്നു വിമർശനം. എന്നാൽ സീസണവസാനിക്കാറായപ്പോൾ വിമർശകരുടെ വായടിപ്പിച്ചിരിക്കുകയാണ് വിദാൽ

റയൽ മഡ്രിഡിനെ ഏറ്റവും വലിയ എതിരാളിയായിക്കാണുന്ന വിദാലിന്റെ ബാഴ്സയ്ക്കായുള്ള ആദ്യ ​ഗോൾ റയലിനെതിരെ തന്നെയായിരുന്നു എന്നത് ശ്രദ്ധേയം. എൽ ക്ലാസിക്കോയിൽ പകരക്കാരനായി ഇറങ്ങിയായിരുന്നു ആ ​ഗോൾ. തുടർന്ന് ഓരോ മത്സരങ്ങൾ കഴിയുന്തോറും ബാഴ്സ ആരാധകരുടെ ഇഷ്ടതാരമായി വിദാൽ മാറുകയാണ്. കളിക്കളത്തിൽ പ്രകടിപ്പിക്കുന്ന അസാമാന്യ ഊർജമാണ് വിദാലിനെ മറ്റ് കളിക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. കാർലസ് പുയോൾ വിരമിച്ചതിന് ശേഷം, ബാഴ്സയ്ക്ക നഷ്ടമായിരുന്നു ആവേശം പകരുന്ന സാന്നിധ്യം ഇപ്പോൾ വിദാലിലൂടെ തിരിച്ചെത്തിയിരിക്കുന്നു

അതിവിദ​ഗ്ദമായി ടാക്കിൾ ചെയ്ത് പന്തെടുക്കുന്നതിൽ അസാമാന്യ ശേഷിയാണ് വിദാലിന്. ഒപ്പം ശാരീരകശേഷിയും ചേരുമ്പോൾ ബാഴ്സ മിഡ്ഫീൽഡിൽ എതിരാളകളെ സംഹരിക്കുന്ന ടാങ്ക് തന്നെയാണ് വിദാൽ. പകരക്കാരനായാണ് കൂടുതലും ഇറങ്ങുന്നതെങ്കിലും, ആദ്യ ഇലവനിൽ കളിക്കുമ്പോഴും വിദാലിന്റെ ഊർജത്തിന് കുറവില്ല. ബാഴ്സയ്ക്കൊപ്പം ഹാട്രിക്ക് ചാമ്പ്യൻസ് ലീ​ഗ് കിരീടം ലക്ഷ്യമിടുന്നെന്ന് പ്രഖ്യാപിച്ച വിദാൽ, ഇനി ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ്