SHARE

സൂററ്റിൽ നടക്കുന്ന രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കേരളത്തിന് മുന്നിൽ ഹിമാലയൻ വിജയലക്ഷ്യം നൽകി വിദർഭ. 507/9 എന്ന നിലയിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത വിദർഭ 578 റൺസിന്റെ വിജയലക്ഷ്യമാണ് കേരളത്തിന് നൽകിയത്. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഈ സ്കോർ അടിച്ചെടുക്കാൻ കേരളത്തിന് കഴിയില്ലെന്ന് ഉറപ്പാണ്.

സെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ഫസൽ, എ.വി വാംഖഡെ, അർദ്ധ സെഞ്ചുറി സ്വന്തമാക്കിയ വസീം ജാഫർ, ഗണേഷ് സതീഷ്, വാഡ്കർ എന്നിവരാണ് വിദർഭയെ രണ്ടാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി അക്ഷയ് കെ. സി നാലും ജലജ് സക്സേന മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

സെമി ഫൈനലിലേക്ക് കടക്കണമെങ്കിൽ വിജയം അനിവാര്യമായ കേരളത്തിന്റെ ഈ സീസൺ രഞ്ജി പ്രതീക്ഷകളും ഇതോടെ അവസാനിച്ചിരിക്കുകയാണ്. ടെസ്റ്റിന്റെ അവസാന ദിവസം 576 റൺസ് നേടുക എന്നത് അസാധ്യമായ കാര്യമാണ്. നേരത്തെ വിദർഭയെ ആദ്യ ഇന്നിംഗ്സിൽ 246 റൺസിന് പുറത്താക്കിയ കേരളത്തിന് എളുപ്പത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാമായിരുന്നെങ്കിലും നിരുത്തരവാദപരമായി ബാറ്റ് വീശിയ കേരളാ താരങ്ങൾ ആ അവസരം കളഞ്ഞു കുളിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഈ മത്സരത്തിന്റെ ഗതി തന്നെ മാറി മറിഞ്ഞേനേ.

വിദർഭ നൽകിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളം അവസാന വിവരം കിട്ടുമ്പോൾ 76-2 എന്ന നിലയിലാണ്. മൊഹമ്മദ് അസറുദ്ദീൻ 28 റൺസും, ജലജ് സക്സേന റണ്ണൊന്നുമെടുക്കാതെയും പുറത്തായി. മൂന്ന് സിക്സറുകളടക്കം 31 റൺസെടുത്ത സൽമാൻ നിസാറും 6 പന്തിൽ 12 റൺസുമായി സഞ്ജു സാംസണുമാണ് ക്രീസിലുള്ളത്.