SHARE

രോഹിത് ശർമ്മ പരിക്കിനെത്തുടർന്ന് ടീമിലില്ലാത്തതിനാൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ മയങ്ക് അഗർവാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ പുതിയ താരത്തെ കണ്ടെത്താൻ നിർബന്ധിതരായിരിക്കുകയാണ് ടീം ഇന്ത്യ‌. യുവ താരങ്ങളായ പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ എന്നിവരിൽ ഒരാൾ അഗർവാളിന് ഓപ്പണിംഗിൽ പ‌ങ്കാളിയായേക്കുമെന്നായിരുന്നു നേരത്തെ സൂചനകൾ‌. എന്നാൽ ഇപ്പോളിതാ ഹനുമ വിഹാരിയുടെ പേരും ഓപ്പണിംഗിലേക്ക് പറഞ്ഞുകേട്ട് തുടങ്ങിയിരിക്കുന്നു.

ന്യൂസിലൻഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിലെ ഗില്ലിന്റേയും, പൃഥ്വി ഷായുടേയും ബാറ്റിംഗ് പരാജയങ്ങളാണ് വിഹാരിയുടെ പേര് ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണനയിൽ വരാൻ കാരണം. പരിശീലന മത്സരത്തിൽ വിഹാരി തകർപ്പൻ സെഞ്ചുറി കൂടി നേടിയതോടെ അദ്ദേഹം ഓപ്പണറാകാനുള്ള സാധ്യതകൾ വർധിച്ചു. ന്യൂസിലൻഡ് ഇലവനെതിരായ പരിശീലന മത്സരത്തിന്റെ ആദ്യ ദിനത്തെ കളിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വിഹാരി, ഓപ്പണറാകാൻ തയ്യാറാണോ എന്നതിനെക്കുറിച്ചും മനസ് തുറന്നു.

ഒരു താരമെന്ന നിലയിൽ ടീം ആവശ്യപ്പെടുന്ന ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നായിരുന്നു വിഹാരി വ്യക്തമാക്കിയത്‌. ഓപ്പണറാകുന്നതുമായി ബന്ധപ്പെട്ട് ഇതേ വരെ ടീം തന്നോട് ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും, എന്നാൽ ടീം പറഞ്ഞാൽ താൻ ഓപ്പണറാകുമെന്നും താരം കൂട്ടിച്ചേർത്തു.