SHARE

അടുത്ത മാസം എട്ടാം തീയതി ആരംഭിക്കാനിരിക്കുന്ന‌ വിജയ് ഹസാരെ ഏകദിന ട്രോഫിക്കുള്ള തമിഴ്നാട് ടീമിനെ പ്രഖ്യാപിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ച സ്റ്റാർ ഓൾ റൗണ്ടർ വിജയ് ശങ്കർ തന്നെയാണ് ഈ ടൂർണമെന്റിലും തമിഴ്നാടിനെ നയിക്കുക. ഓപ്പണിംഗ് ബാറ്ററായ നാരായൺ ജഗദീശനാണ് ടീമിന്റെ ഉപനായകൻ. ശക്തമായ ടീമിനെയാണ് ടൂർണമെന്റിൽ തമിഴ്നാട് അണിനിരത്തുന്നത്.

ഫിറ്റ്നസ് പ്രശ്നങ്ങളെത്തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിന്ന് വിട്ടു നിന്ന ഇന്ത്യൻ താരങ്ങളായ ദിനേഷ് കാർത്തിക്ക്, വാഷിംഗ്ടൺ സുന്ദർ എന്നിവരും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിനുള്ള തമിഴ്നാടിന്റെ 20 അംഗ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഇവർ ടീമിലെത്തിയതോടെ അതിശക്തമായ സംഘമായി അവർ മാറി. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ബാബ അപരാജിതും ടൂർണമെന്റിന്റെ പാതിഘട്ടമെത്തുമ്പോൾ ടീമിനൊപ്പം ചേരും.

വിജയ് ഹസാരെ ഏകദിന ട്രോഫിയിൽ കളിക്കാനുള്ള തമിഴ്നാട് ടീം – വിജയ് ശങ്കർ (ക്യാപ്റ്റൻ), നാരായൺ ജഗദീശൻ, ദിനേഷ് കാർത്തിക്ക്, ഹരി നിശാന്ത്, ആർ സായി കിഷോർ, ഷാരൂഖ് ഖാൻ, മുരുഗൻ അശ്വിൻ, സന്ദീപ് വാര്യർ, വാഷിംഗ്ടൺ സുന്ദർ, മണിമാരൻ സിദ്ധാർത്ഥ്, ബി സായി സുദർശൻ, വി ഗംഗ ശ്രീധർ രാജു, എം മൊഹമ്മദ്, ജെ കൗസിക്ക്, പി ശരവണ കുമാർ, എൽ സൂര്യപ്രകാശ്, ബാബ ഇന്ദ്രജിത്, ആർ സഞ്ജയ് യാദവ്, എം കൗശിക്ക് ഗാന്ധി, ആർ സിലംബരസൻ.