ഈ സീസണിലെ രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള തമിഴ്നാട് ടീമിനെ പ്രഖ്യാപിച്ചു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സ്റ്റാര്‍ ഓള് റൗണ്ടര്‍ വിജയ് ശങ്കറാണ് നായകന്. യുവതാരം ബാബ അപരാജിത് ടീമിന്റെ ഉപനായകനാവും. കര്‍ണാടകയ്ക്കെതിരെയാണ് രഞ്ജി ട്രോഫിയില്‍ ഇക്കുറി തമിഴ്നാടിന്റെ ആദ്യ പോരാട്ടം. രണ്ടാം മത്സരത്തില്‍ അവര്‍ ഹിമാചല്‍ പ്രദേശിനെ നേരിടും.
ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളടങ്ങിയ തകര്‍പ്പന്‍ ടീമിനെയാണ് ഇക്കുറി രഞ്ജി ട്രോഫിയില്‍ തമിഴ്നാട് അണിനിരത്തുന്നത്. വിജയ് ശങ്കര്‍ക്ക് പുറമേ, സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്, ദിനേഷ് കാര്‍ത്തിക്ക്, മുരളി വിജയ്, വാഷിംഗ്ടണ്‍ സുന്ദര്‍, അഭിനവ് മുകുന്ദ് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍. രണ്ട് തവണ രഞ്ജി ചാമ്പ്യന്മാരായിട്ടുള്ള തമിഴ്നാട് ഇക്കുറി തങ്ങളുടെ മൂന്നാം കിരീടമെന്ന ലക്ഷ്യം വെച്ച് കൊണ്ടാണ് കളിക്കാനിറങ്ങുക.
തമിഴ്നാട് ടീം ഇങ്ങനെ- വിജയ് ശങ്കര്‍, ബാബ അപരാജിത്, മുരളി വിജയ്, അഭിനവ് മുകുന്ദ്, ദിനേഷ് കാര്‍ത്തിക്ക്, എന്‍ ജഗദീശന്, ആര് അശ്വിന്, ആര് സായികിഷോര്‍, ടി നടരാജന്, കെ വിഗ്നേഷ്, അഭിഷേക് തന്‍വര്‍, എം അശ്വിന്, എം സിദ്ധാര്‍ത്ഥ്, ഷാരൂഖ് ഖാന്, എം മുകുന്ദ്.