SHARE

ലോകകപ്പിലെ തന്റെ ആദ്യ പന്തിൽത്തന്നെ വിക്കറ്റെടുക്കുന്ന നാലാം താരമായി ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ. കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ എറിഞ്ഞ ആദ്യ പന്തിൽത്തന്നെ ഇമാം ഉൾഖഖിന്റെ വിക്കറ്റെടുത്താണ് വിജയ് ശങ്കർ ഈ അപൂർവ്വ നേട്ടത്തിലെത്തിയത്.

പേശിവലിവിനെത്തുടർന്ന് ഇന്ത്യൻ സ്റ്റാർ പേസർ ഭുവനേശ്വർ കുമാർ കളത്തിന് പുറത്തായപ്പോളായിരുന്നു വിജയ് ശങ്കർ ബോളിംഗിനെത്തിയത്‌. പാക് ഇന്നിംഗ്സിന്റെ അഞ്ചാം ഓവറായിരുന്നു ഇത്. ഭുവനേശ്വർ കുമാർ എറിഞ്ഞ് കൊണ്ടിരുന്ന ഓവറിലെ അവസാന രണ്ട് പന്തുകൾ തീർക്കാൻ എത്തിയ വിജയ് ശങ്കർ മികച്ചൊരു ഇൻസ്വിംഗ് പന്തിലൂടെ തന്റെ ആദ്യ പന്തിൽത്തന്നെ ഇമാം ഉൾ ഹഖിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഇതോടെയാണ് ലോകകപ്പ് ക്രിക്കറ്റിലെ അപൂർവ്വ നേട്ടങ്ങളിലൊന്ന് ഈ ഇന്ത്യ‌ൻ ഓൾ റൗണ്ടർക്ക് സ്വന്തമായത്.

അതേ സമയം ലോകകപ്പിൽ ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യക്കാരനും, നാലാം താരവുമാണ് വിജയ് ശങ്കർ. ബെർമുഡയുടെ മലാച്ചി ജോൺസ്, ഓസ്ട്രേലിയയുടെ ഇയാൻ ഹാർവി, പാകിസ്ഥാന്റെ മൊഹമ്മദ് യൂസഫ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.