SHARE

ചൈനയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യന്‍ അണ്ടര്‍ 16 ടീം നടത്തിയത്. രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യന്‍ കുട്ടിപ്പട ഒരു ആശ്വാസ സമനിലയും സ്വന്തമാക്കി. എന്നാല്‍ കയ്യടി നേടിയിരിക്കുന്നത് ഇന്ത്യയുടെ മുന്നേറ്റതാരം വിക്രം പ്രതാപ് സിംഗാണ്. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകള്‍ നേടിയ താരം ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോററായി മാറി.

തായ്‌ലന്‍ഡിനെതിരെ 3-1ന് പരാജയപ്പെട്ട മത്സരത്തിലും നോര്‍ത്ത് കൊറിയക്കെതിരെ 1-1 സമനില പാലിച്ച മത്സരത്തിലുമാണ് വിക്രം പ്രതാപ് സിംഗ് ഗോളുകള്‍ നേടിയത്. ടൂര്‍ണ്ണമെന്റിലെ ഇന്ത്യ ഈ രണ്ടു ഗോളുകള്‍ മാത്രമാണ് നേടിയത്. ഇതില്‍ കൊറിയക്കെതിരെ പെനാല്‍ട്ടിയിലൂടെയാണ് പ്രതാപ് സിംഗ് ഗോള്‍വല കുലുക്കിയത്. ചൈനക്കെതിരെ 1-0ത്തിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

സപ്തംബറില്‍ മലേഷ്യയില്‍ വെച്ച് നടക്കാനിരിക്കുന്ന എ എഫ് സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ ചൈനയില്‍ പര്യടനം നടത്തിയത്. നേരത്തെ സെര്‍ബിയ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന്‍ കുട്ടികള്‍ കളിച്ചിരുന്നു.