SHARE

പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ടീമുകളെല്ലാം തങ്ങളുടെ പരിശീലന ക്യാമ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്തയും ഒരുങ്ങിക്കഴിഞ്ഞു. ആരാധകരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ദിനേഷ് കാര്‍ത്തിക്കിനെയാണ് കൊല്‍ക്കത്ത നായകനാക്കി പ്രഖ്യാപിച്ചത്. ഇപ്പോള്‍, കാര്‍ത്തിക്ക് നായകനായതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കൊല്‍ക്കത്തൻ പേസ് ബോളര്‍ വിനയ് കുമാര്‍.

ടീമിനെ നയിക്കാന്‍ എല്ലാ തരത്തിലും കഴിവുള്ള താരമാണ് കാര്‍ത്തിക്കെന്നാണ് വിനയ് കുമാര്‍ പറയുന്നത്. ‘ തമിഴ്‌നാടിനെ ഒരുപാട് മത്സരങ്ങളില്‍ നയിച്ചിട്ടില്ലെന്നത് കൊണ്ട് കാര്‍ത്തിക്ക് നല്ല നായകനാവാതിരിക്കുന്നില്ല, മികച്ച നായകനാവാന്‍ കാര്‍ത്തിക്കിന് കഴിയും, മികച്ച സീനിയര്‍ താരങ്ങളുണ്ട് ടീമില്‍, എല്ലാവരും കാര്‍ത്തിക്കിനെ മികച്ച രീതിയില്‍ സഹായിക്കും,’ വിനയ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ സീസണ്‍ വരെ ടീമിനെ നയിച്ച ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത ഇത്തവണ നിലനിര്‍ത്തിയിരുന്നില്ല.

പിന്നീട് താരലേലത്തില്‍ ഡല്‍ഹിയിലെത്തിയ ഗംഭീര്‍ അവിടെ നായകനാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊല്‍ക്കത്ത കാര്‍ത്തിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന വിനയ് കുമാറിനെ ഒരു കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത തങ്ങളുടെ ക്യാമ്പിലെത്തിച്ചത്. ഇതുവരെ 103 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് വിനയ് കുമാര്‍ 103 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.