SHARE

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലെ അവസാന ഓവർ എറിയാൻ എത്തുമ്പോൾ കൊൽക്കത്തൻ താരം വിനയ്കുമാറിന്റെ മനസിൽ 6 വർഷം മുൻപത്തെ ചിന്തകളായിരിക്കണം. കാരണം ആറ് വർഷങ്ങൾക്ക് മുൻപ് ഇവിടെ നടന്ന ഐപിഎൽ മത്സരത്തിന്റെ അവസാന ഓവറിൽ വിനയ് കുമാർ വില്ലനായി മാറിയിരുന്നു. അന്ന് റോയൽ ചലഞ്ചേഴ്സിന്റെ താരമായിരുന്ന വിനയ്കുമാർ അവസാന ഓവറിൽ 17 റൺസ് വഴങ്ങിയാണ് ദുരന്ത നായകനായത്.

ഇന്നലെ ആ പഴയ കഥ തുടരുകയായിരുന്നു. ആറു വർഷം മുൻപത്തെ ചിത്രങ്ങളൊക്കെ ഏകദേശം അതേ പോലെ തിരിച്ച് വന്നു. വിനയ് കുമാർ അവസാന ഓവറിനെത്തുമ്പോൾ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത് 17 റൺസ്. ഓവറിന്റെ ആദ്യ പന്തിൽ തന്നെ താരത്തിന് പിഴച്ചു. നോ ബോളായി എത്തിയ പന്ത് വിൻഡീസ് താരം ബ്രാവോ ഫൈൻ ലെഗ്ഗിന് മുകളിലൂടെ സിക്സറിന് പറത്തി. പിന്നീടൊന്നും വിനയ്കുമാറിന്റെ കൈകളിലായിരുന്നില്ല ഓവറിന്റെ അഞ്ചാം പന്ത് ലോംഗ് ഓൺ ഫെൻസിന് മുകളിലൂടെ പറത്തിയ ജഡേജ ചെന്നൈയ്ക്ക് ആവേശ ജയം സമ്മാനിച്ചു. വിനയ്കുമാർ വീണ്ടും ചെന്നൈയിൽ നിന്ന് തല താഴ്ത്തി മടങ്ങി.

-Advertisement-

നേരത്തെ തന്റെ ആദ്യ ഓവറിലും വിനയ്കുമാറിന് പിഴച്ചിരുന്നു. 16 റൺസാണ് താരത്തിന്റെ ആദ്യ ഓവറിൽ ചെന്നൈ ഓപ്പണർമാർ അടിച്ചത്. മത്സരത്തിൽ മൊത്തം 1.5 ഓവറുകൾ എറിഞ്ഞ വിനയ്കുമാർ വഴങ്ങിയത് 35 റൺസുകളും. അദ്ദേഹത്തിന്റെ പ്രകടനം കൊൽക്കത്തൻ തോൽ വിയുടെ പ്രധാന കാരണങ്ങളിലൊന്നായി. ആറു വർഷം മുൻപ് ഇത് പോലെ ദുരന്ത നായകനായ മത്സരത്തിൽ 4 ഓവറിൽ 53 റൺസാണ് വിനയ്കുമാർ വിട്ടു നൽകിയത്. എന്തായാലും ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം വിനയ്കുമാറിനോളം മറക്കാൻ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും ഐപിഎൽ താരങ്ങളുണ്ടാകുമോ എന്നത് സംശയമാണ്.