SHARE

മുൻ കർണാടക നായകനും ഇന്ത്യൻ താരവുമായ വിനയ്കുമാർ ഈ സീസണിൽ കർണാടക ടീമിലുണ്ടാവില്ല. പുതിയ സീസണിൽ താൻ കർണാടക ടീം വിടുകയാണെന്നും പുതുച്ചേരിക്ക് വേണ്ടിയാകും കളിക്കുകയെന്നും വിനയ്കുമാർ തന്നെയാണ് ഇന്ന് മാധ്യമങ്ങളെ അറിയിച്ചത്. 2004 മുതൽ കർണാടയ്ക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന താരമാണ് വിനയ്കുമാർ. അതേ സമയം രഞ്ജി ട്രോഫിയിലെ തുടക്കക്കാരാണ് പുതുച്ചേരി. കഴിഞ്ഞ വർഷമാണ് രഞ്ജി‌ട്രോഫിയിൽ ഈ കുഞ്ഞൻ ടീം അരങ്ങേറ്റം കുറിച്ചത്.

കർണാടയ്ക്ക് വേണ്ടി തകർപ്പൻ റെക്കോർഡുള്ള താരമാണെങ്കിലും കഴിഞ്ഞ സീസണിൽ പന്ത് കൊണ്ട് തിളങ്ങാൻ വിനയ്കുമാറിന് കഴിഞ്ഞിരുന്നില്ല. സീസണിൽ കളിച്ച 7 മത്സരങ്ങളിൽ വെറും 14 വിക്കറ്റുകൾ മാത്രമായിരുന്നു താരം നേടിയത്. അതേ സമയം ബാറ്റ് കൊണ്ട് തരക്കേടില്ലാത്ത പ്രകടനം സീസണിൽ കാഴ്ച വെച്ച വിനയ്കുമാർ, മൂന്ന് അർധസെഞ്ചുറികൾ നേടിയിരുന്നു. കർണാടക നായകനായിരുന്ന വിനയ് കുമാർ, കഴിഞ്ഞ സീസൺ പാതിവഴിയിൽ നായകസ്ഥാനം മനീഷ് പാണ്ടെയ്ക്ക് കൈമാറിയിരുന്നു.

അതേ സമയം കഴിഞ്ഞ സീസണിലെ മോശം പ്രകടനമല്ല മറിച്ച് യുവതാരങ്ങൾക്ക് ടീമിൽ അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് വിനയ് കുമാർ ഇത്തവണ കർണാടക ടീം വിടാൻ തീരുമാനിച്ചത്. നായകനെന്ന നിലയിൽ കർണാടക ക്രിക്കറ്റിന് ഏറെ നേട്ടങ്ങൾസമ്മാനിച്ച വിനയ് കുമാർ 2013-14, 2014-15 വർഷങ്ങളിൽ അവരെ രഞ്ജി ട്രോഫി, വിജയ് ഹസാരെ, ഇറാനി ട്രോഫി കിരീട നേട്ടങ്ങളിലേക്ക് നയിച്ചു.