SHARE

കോച്ച് റെനെ മ്യൂളസ്റ്റീന്‍ ടീമിന്റെ പടിയിറങ്ങിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി. സ്റ്റാര്‍ താരം സി.കെ. വിനീതിന് അടുത്ത രണ്ടാഴ്ച്ചത്തേക്ക് കളിക്കാനാകില്ല. പരിശീലനത്തിനിടെ ഏറ്റ പരിക്ക് ഗുരുതരമായതോടെയാണ് ഇത്. വ്യാഴാഴ്ച്ച പൂനെ സിറ്റിക്കെതിരേ നടക്കുന്ന മത്സരത്തില്‍ ഇതോടെ വിനീത് പുറത്തിരിക്കും. ബെംഗളൂരു എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തിലും വിനീത് കളിച്ചിരുന്നില്ല.

പരിക്കിന്റെ പിടിയിലുള്ള ദിമിതര്‍ ബെര്‍ബറ്റോവ് പുനെയ്‌ക്കെതിരേ കളിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍ തുടര്‍ച്ചയായ നാലു മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച പെസിച്ചിന് കളിക്കാനാകില്ല. റിനോ ആന്റോയും പരിക്കില്‍ നിന്ന് വിമുക്തനാകുന്നതേയുള്ളു. പരിക്കും കോച്ചിന്റെ മടക്കവും സൃഷ്ടിച്ച തിരിച്ചടിയില്‍ ഉഴലുന്ന ബ്ലാസ്‌റ്റേഴ്‌സ് നാളെ നല്ലൊരു ടീമിനെ ഇറക്കാന്‍ വിഷമിക്കുമെന്ന് ചുരുക്കം.

അതേസമയം, ഡേവിഡ് ജെയിംസ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രി കൊച്ചിയിലെത്തിയ ജെയിംസ് ടീമിന്റെ പരിശീലന സ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് സ്‌പോര്‍ട്‌സ് മലയാളം ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ജെയിംസ് മുന്നോട്ടു വയ്ക്കുന്ന നിബന്ധനകള്‍ ബ്ലാസ്‌റ്റേഴ്‌സ് അംഗീകരിച്ചതായി സൂചനയുണ്ട്.