SHARE

ചെറുപ്പമാണെങ്കിലും ഇതിനകം തന്നെ യൂറോപ്യൻ ഫുട്ബോളിൽ ശ്രദ്ധനേടിക്കഴിഞ്ഞു ബ്രസീലിയൻ താരങ്ങളായ വിനിഷ്യസും മാൽക്കമും. ഇന്നലെ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയലിനെ പ്രതിനിധീകരിച്ച് വിനിഷ്യസും ബാഴ്സയെ പ്രതിനിധീകരിച്ച് മാൽക്കവും ഇറങ്ങി. മത്സരത്തിൽ ഇരുവരും മികവ് കാണിച്ചതോടെ ഇനി ആരാധകരുടെ ആകാംഷ ബ്രസീൽ ദേശീയ ടീമിലെ അരങ്ങേറ്റത്തെക്കുറിച്ചാണ്

ബ്രസീലിന്റെ യൂത്ത് ടീമുകളിൽ കളിച്ചിട്ടുള്ള ഇരുവർക്കും സീനിയർ ടീമിലേക്ക് വിളിയെത്തിയില്ല. എന്നാൽ ഇന്നലെ സമനിലയായ എൽ ക്ലാസിക്കോയിൽ ബാഴ്സയ്ക്ക് വേണ്ടി ​ഗോളടിച്ച് മാൽക്കവും റയലിനായി മിന്നുന്ന പ്രകടനം നടത്തി വിനിഷ്യസും കൈയ്യടി നേടിയപ്പോൾ മത്സരം കാണാൻ ​ഗാലറിയിലൊരാളുണ്ടായിരുന്നു. ബ്രസീലിന്റെ മുൻ താരവും നിലവിൽ ​ദേശീയ ടീം സഹപരിശീലകനുമായ സിൽവിന്യോ. ഇരുയുവതാരങ്ങളുടേയും പ്രകടനത്തിൽ സിൽവിന്യോ സന്തുഷ്ടനാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ബ്രസീലിന്റ അടുത്ത സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലേക്ക് ഇരുവരം പ്രതീക്ഷ പുലർത്തുന്നുണ്ട്.

യൂറോപ്പിൽ കളിക്കുന്ന ബ്രസീൽ താരങ്ങളുടെ പ്രകടനം വിലയിരുത്താനാണ് സിൽവിന്യോ യൂറോപ്യൻ പര്യടനത്തിനിറങ്ങിയത്. നേരത്തെ എ.സി.മിലാന്റെ ഒന്നിലേറെ മത്സരങ്ങൾ സിൽവിന്യോ കണ്ടിരുന്നു. പി.എസ്.ജിയുടെ മത്സരവും സിൽവിന്യോയുടെ ലിസ്റ്റിലുണ്ട്