SHARE

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അപൂര്‍വ്വനേട്ടവുമായി വിരാട് കോഹ്ലി. ഒരേ സമയം ഏകദിന റാങ്കിംഗിലും ടെസ്റ്റ് റാങ്കിംഗിലും 900 റേറ്റിംഗ് പോയന്റിംഗിന് മുകളില്‍ കയറുന്ന രണ്ടാമത്തെ താരമാണ് വിരാട് കോഹ്ലി. ഇതിന് മുമ്പ് ഡിവില്ലിയേഴ്‌സ് മാത്രമാണ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പര്യടനത്തില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് കോഹ്ലിക്ക് 900ത്തിന് മുകളില്‍ റേറ്റിംഗ് പോയന്റ് നേടിക്കൊടുത്തത്. ടെസ്റ്റ് റാങ്കിംഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്ക് 912 പോയന്റാണ് റേറ്റിംഗുള്ളത്. 947 റേറ്റിംഗ് പോയന്റുള്ള ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്.

ഇന്നു പുറത്തുവന്ന ഏകദിന റാങ്കിംഗില്‍ 909 റേറ്റിംഗ് പോയന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍. എ ബി ഡിവില്ലിയേഴ്‌സ് 844 പോയന്റോടെ രണ്ടാം സ്ഥാനത്താണ്. 2014-15 സീസണിലായിരുന്നു ഡിവില്ലിയേഴ്‌സ് ഒരേ സമയം ടെസ്റ്റ് റാങ്കിംഗിലും ഏകദിന റാങ്കിംഗിലും 900 റേറ്റിംഗ് പോയന്റ് കൈവശം വെച്ചിരുന്നത്.