SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിനായിരുന്നു ഇന്നലെ ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിച്ചത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും, ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന ഈ മത്സരത്തിന്റെ അവസാന പന്തിൽ‌ ബാംഗ്ലൂർ സംഘം വിജയം നേടുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ 26 റൺസ് വേണ്ടിയിരുന്ന ചെന്നൈ, ധോണിയുടെ മാസ്മരിക ബാറ്റിംഗ് പ്രകടനത്തിന്റെ മികവിലാണ് വിജയത്തിന് തൊട്ടരികിലെത്തിയത്. എന്നാൽ ഒരു പന്തിൽ രണ്ട് റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരിക്കെ രവീന്ദ്ര ജഡേജ റണ്ണൗട്ടാവുകയായിരുന്നു.

മത്സരത്തിന് ശേഷമുള്ള ‌സമ്മാനദാനച്ചടങ്ങിൽ സംസാരിക്കുന്നതിനിടെ തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടതിന്റെ ആശ്വാസം കോഹ്ലിയുടെ മുഖത്തുണ്ടായിരുന്നു. ധോണി തങ്ങളെ ശരിക്കും പേടിപ്പിച്ച് കളഞ്ഞെന്ന് സംസാരത്തിനിടെ കോഹ്ലി തുറന്ന് സമ്മതിച്ചു.

കോഹ്ലിയുടെ വാക്കുകൾ ഇങ്ങനെ, ” വല്ലാത്തൊരു വികാരത്തിലാണ് ഇപ്പോൾ, പത്തൊൻപതാം ഓവർ വരെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു ഞങ്ങളുടേത്. അവസാന പന്തിൽ താൻ ആഗ്രഹിച്ചത് പോലെ പക്ഷേ സംഭവിച്ചു. ചെറിയ മാർജിനിലാണെങ്കിലും മത്സരം ജയിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ധോണി ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അദ്ദേഹം ശരിക്കും ഞങ്ങളെ പേടിപ്പിച്ച് കളഞ്ഞു.” കോഹ്ലി പറഞ്ഞുനിർത്തി.