SHARE

ചൂടൻ ക്യാപ്റ്റനാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. എതിരാളികളോട് യാതൊരു ദാക്ഷിണ്യവും കാണിക്കാത്ത പ്രകൃതമാണ് താരത്തിന്റേത്. അഗ്രസീവ് നായകനായതിനാൽ എതിരാളികളോട് വാക്കുതർക്കങ്ങൾക്ക് പോകാനും കോഹ്ലിക്ക് മടിയില്ല‌. ഇപ്പോളിതാ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ പെർത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഓസീസ് നായകനെ വാക്കുകൾ കൊണ്ട് പ്രകോപ്പിക്കാൻ ശ്രമിച്ചിരിക്കുകയാണ് കോഹ്ലി.

മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്നലെ യായിരുന്നു സംഭവം. മൂന്നാം ദിനത്തെ അവസാനത്തെ ഓവറിൽ പെയിനെതിരെ ഇന്ത്യയുടെ ഒരു ക്യാച്ച് അപ്പീൽ വന്നിരുന്നു. പക്ഷേ അമ്പയർമാർ അത് നിഷേധിച്ചു. എന്നാൽ ഇന്ത്യയാകട്ടെ അതിൽ റിവ്യൂവിന് ശ്രമിച്ചതുമില്ല. ഇതിന് ശേഷമായിരുന്നു പെയിനെ പ്രകോപിക്കാനുള്ള കോഹ്ലിയുടെ ശ്രമം. പെയിനരികെയെത്തിയ കോഹ്ലി, പരമ്പരയിൽ ലീഡ് നേടുന്നതുമായി ബന്ധപ്പെട്ട വർത്തമാനവുമായി അദ്ദേഹത്തെ ദേഷ്യപ്പെടുത്താൻ ശ്രമിച്ചു. അതേ സമയം പെയിൻ കൂളായിട്ടാണ് കോഹ്ലിക്ക് മറുപടി നൽകിയത്.

ഇതാദ്യമല്ല ഈ പരമ്പരയിൽ ഓസീസ് താരങ്ങൾക്കെതിരെ ഇന്ത്യൻ താരങ്ങളുടെ വാക്ക് കൊണ്ടുള്ള സ്ലെഡ്ജിംഗ്. നേരത്തെ ആദ്യ ടെസ്റ്റിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് വിക്കറ്റിന് പിന്നിൽ നിന്ന് നടത്തിയ സ്ലെഡ്ജിംഗ് ശ്രമങ്ങൾ സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തത് വൈറലായിരുന്നു.