SHARE

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് സ്വന്തം. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് കോഹ്ലി ഇപ്പോൾ ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ തന്റെ 23-ം റൺസ് സ്കോർ ചെയ്തപ്പോളായിരുന്നു കോഹ്ലി റൺ നേട്ടത്തിലെ നാഴികക്കല്ല് പിന്നിട്ടത്.

251 ഏകദിന മത്സരങ്ങളിൽ കളിച്ച 242 ഇന്നിംഗ്സുകളിൽ നിന്നാണ് കോഹ്ലി ഏകദിനത്തിൽ 12000 റൺസ് നേടിയിരിക്കുന്നത്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള സച്ചിൻ ടെണ്ടുൽക്കറാകട്ടെ 309 മത്സരങ്ങളിൽ കളിച്ച 300 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു ഏകദിനത്തിൽ 12000 റൺസ് തികച്ചത്. 314 ഇന്നിംഗ്സുകളിൽ 12000 റൺസ് തികച്ച മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗ്, 336 ഇന്നിംഗ്സിൽ ഈ നേട്ടത്തിലെത്തിയ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര എന്നിവരാണ് ഇക്കാര്യത്തിൽ പിന്നാലെയുള്ളത്.