SHARE

ഓസ്ട്രേലിയക്കെതിരെ അഡലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയെ 31 റൺസിന്റെ ജയത്തിലേക്ക് നയിച്ചതോടെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ ടെസ്റ്റ് വിജയം നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന നേട്ടം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സ്വന്തമാക്കി. ഏഷ്യയിലെ പേരുകേട്ട ക്യാപ്റ്റന്മാർക്കൊന്നും ഇതേ വരെ സ്വന്തമാക്കാനാവാത്ത നേട്ടമാണ് 2018 ൽ കോഹ്ലി കൈവരിച്ചിരിക്കുന്നത്. ടീമിന്റെ മികച്ച ഓൾ റൗണ്ട് പ്രകടനമാണ് കോഹ്ലിയെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

ഈ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെയും, ഇംഗ്ലണ്ടിനെതിരെയും നടന്ന ടെസ്റ്റ് പരമ്പരകളിൽ പരാജയപ്പെട്ടെങ്കിലും ഈ പരമ്പരകളിലെ ഓരോ മത്സരങ്ങളിൽ വീതം കോഹ്ലി, ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹന്നാസ്ബർഗിൽ നടന്ന മൂന്നാം ടെസ്റ്റിലും, ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ് ഹാമിൽ നടന്ന മൂന്നാം ടെസ്റ്റിലുമായിരുന്നു ഇന്ത്യൻ ജയങ്ങൾ.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെ 2018 ൽ ഓരോ ടെസ്റ്റ് വിജയം സ്വന്തമാക്കിയ ഇന്ത്യ ഇത് രണ്ടാം തവണയാണ് ഒരു കലണ്ടർ വർഷം ഉപഭൂഖണ്ഡത്തിന് പുറത്ത് 3 ടെസ്റ്റ് വിജയങ്ങൾ നേടുന്നത്. ഓസ്ട്രേലിയയിൽ അവർക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ജയിക്കുന്നതും ഇതാദ്യമാണ്.