SHARE

ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലെ ഇന്ത്യൻ തോൽവി ആരാധകരെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 358/9 എന്ന പടുകൂറ്റൻസ്കോർ പടുത്തുയർത്തിയതിന് ശേഷം ഇന്ത്യ പരാജയപ്പെടുമെന്ന് ടീമിന്റെ കടുത്ത വിമർശകർ പോലും കരുതിയിരുന്നില്ല. എന്നാൽ‌ ഹാൻസ്കോമ്പിന്റേയും, ഉസ്മാൻ ഖവാജയുടേയും നിർണായക ഇന്നിംഗ്സുകളും ആഷ്ടൺ ടേണറിന്റെ വെടിക്കെട്ടും മത്സരഗതി മാറ്റി മറിച്ചു. 13 പന്തുകൾ ബാക്കി നിൽക്കേ മത്സരത്തിൽ ഓസീസ് അവിശ്വസനീയ ജയം നേടി..

ആദ്യം ബാറ്റ് ചെയ്ത് 350 ലധികം റൺസ് നേടിയതിന് ശേഷം ഇന്ത്യ പരാജയപ്പെടുന്ന ആദ്യ മത്സരമെന്ന റെക്കോർഡും ഇതോടെ മൊഹാലിയിൽ കുറിക്കപ്പെട്ടു. അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ ഇത് വരെ 27 തവണയാണ് ഇന്ത്യ 350 നപ്പുറമുള്ള സ്കോറുകൾ നേടിയിട്ടുള്ളത്. ഇതിൽ 24 തവണയും ആദ്യം ബാറ്റ് ചെയ്യുമ്പോൾ നേടിയതാണ്. ഇത്രയധികം മത്സരങ്ങളിൽ ‌350 ലധികമുള്ള സ്കോർ നേടിയിട്ടുള്ള ഇന്ത്യ ഇന്നലെ നടന്ന മൊഹാലി ഏകദിനത്തിൽ മാത്രമാണ് പരാജയം നേരിട്ടിട്ടുള്ളത്.