SHARE

ഇംഗ്ല‌ണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യയ്ക്ക് പിഴശിക്ഷ. മത്സരത്തിൽ നിശ്ചിത സമയത്ത് എറിഞ്ഞു തീർക്കേണ്ടതിലും ഒരോവർ കുറച്ചാണ് ഇന്ത്യ എറിഞ്ഞതെന്ന് കണ്ടെത്തിയ മാച്ച് റഫറി ജവഗൽ ശ്രീനാഥാണ് താരങ്ങൾക്ക് മേൽ പിഴ ചുമത്തിയത്.

അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞ് എറിയേണ്ടി വരുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം തുകയാണ് താരങ്ങൾ പിഴയൊടുക്കേണ്ടത്. ഇന്ത്യ നിശ്ചിത സമയത്ത് ഒരോവർ കുറച്ചാണ് എറിഞ്ഞത് എന്നതിനാൽ 20 ശതമാനം തുകയാണ് താരങ്ങൾക്ക് ഒടുക്കേണ്ടി വരുക. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഓവർ നിരക്കിലെ വീഴ്ച അംഗീകരിച്ചതിനാൽ സംഭവത്തിൽ ഔദ്യോഗിക ഹിയറിംഗിന്റെ ആവശ്യം വന്നില്ല.

അതേ സമയം അഹമ്മദാബാദിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ വിജയം നേടിയതോടെ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ സമനിലയിലെത്തിച്ചു (1-1). മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറുകളിൽ 164/6 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ഇന്ത്യ 17.5 ഓവറുകളിൽ 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. വിരാട് കോഹ്ലി, ഇഷാൻ കിഷൻ എന്നിവരുടെ അർധ സെഞ്ചുറികളായിരുന്നു ഇന്ത്യൻ ചേസ് അനായാസമാക്കിയത്.