SHARE

രവിചന്ദ്രൻ അശ്വിനും, രവീന്ദ്ര ജഡേജയുമാണ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നർമാരെന്ന് നായകൻ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ പൂനെയിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കോഹ്ലി ഇങ്ങനെ പറഞ്ഞത്. ഇതോടെ രണ്ടാം ടെസ്റ്റിലും യുവ സ്പിന്നർ കുൽദീപ് യാദവ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉണ്ടാകില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.

“ടെസ്റ്റിൽ അശ്വിനും, ജഡേജയും തന്നെയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ ചോയിസുകൾ. ബാറ്റ് കൊണ്ടും അവർ മികച്ച പ്രകടനം നടത്തുന്നു എന്നതാണ് ഇതിന് കാരണം. ടീമിന് മികച്ച ബാലൻസ് നൽകുന്ന ടീമിനെ തിരഞ്ഞെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പൂർണമായും മികച്ച കോമ്പിനേഷനെ കളിക്കളത്തിൽ അണിനിരത്തുകയായിരിക്കും തങ്ങളുടെ ലക്ഷ്യം.” കോഹ്ലി പറഞ്ഞുനിർത്തി.

അതേ സമയം വിശാഖപട്ടണത്ത് നടന്ന ഒന്നാം ടെസ്റ്റിൽ മികച്ച പ്രകടനമായിരുന്നു രവീന്ദ്ര ജഡേജയും, രവിചന്ദ്രൻ അശ്വിനും ഇന്ത്യയ്ക്ക് വേണ്ടി പുറത്തെടുത്തത്. ജഡേജ മത്സരത്തിൽ മൊത്തം 6 വിക്കറ്റുകൾ വീഴ്ത്തിയതിന് പുറമേ രണ്ടിന്നിംഗ്സുകളിൽ 30, 40 റൺസ് എന്നിങ്ങനെ സ്കോറും നേടി. അതേ സമയം 8 വിക്കറ്റുകളായിരുന്നു മത്സരത്തിൽ അശ്വിൻ വീഴ്ത്തിയത്.