SHARE

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായേക്കും. ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ പത്താം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ് വിരാടിനെ കാത്തിരിക്കുന്നത്. നിലവില്‍ പന്ത്രണ്ടാം സ്ഥാനത്താണ് കോഹ്ലി.

മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 173 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താല്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയും ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷനെയും മറികടന്ന് വിരാടിന് പത്താം സ്ഥാനത്തെത്താം. നിലവില്‍ 216 ഏകദിനങ്ങളില്‍ നിന്ന് 10232 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. ശരാശരി 59.83. ലാറയാകട്ടെ 299 ഏകദിനങ്ങളില്‍ നിന്നായി നേടിയത് 10,405 റണ്‍സും. ശരാരശി 40.48.

ശ്രീലങ്കയുടെ ദില്‍ഷാന്‍ 330 മത്സരം കളിച്ചാണ് 10,290 റണ്‍സ് നേടിയത്. ആദ്യ മത്സരത്തില്‍ തന്നെ കോഹ്ലിക്ക് വേണമെങ്കില്‍ ലങ്കന്‍ താരത്തെ മറികടക്കാവുന്നതേയുള്ളു. അടുത്തിടെ വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം സച്ചിന്‍ തെണ്ടുല്‍ക്കറില്‍ നിന്ന് കോഹ്ലി സ്വന്തമാക്കിയിരുന്നു.