SHARE

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ സെഞ്ചുറി നേടി തകർപ്പൻ ഫോമിലെത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി‌.‌ സീസണിൽ ഇത് വരെ തന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനാവാതിരുന്ന കോഹ്ലി ഇന്നലത്തെ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ താൻ സെഞ്ചുറി നേടുമെന്ന് കളിക്ക് മുന്നേ താൻ ഡിവില്ലിയേഴ്സിനോട് പറഞ്ഞിരുന്നതായി മത്സരശേഷം കോഹ്ലി വെളിപ്പെടുത്തി. കൊൽക്കത്തയിലെ ടീം ഹോട്ടലിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് പോരുന്നതിന് മുൻപായിരുന്നു ഈ സംഭവം. കൊൽക്കത്തയ്ക്കെതിരായ ജീവന്മരണ‌പ്പോരാട്ടത്തിൽ താങ്കൾക്ക് വേണ്ടി സെഞ്ചുറി നേടുമെന്നായിരുന്നു കോഹ്ലി ഡിവില്ലിയേഴ്സിനോട് പറഞ്ഞത്.

ഡിവില്ലിയേഴ്സിന് കൊടുത്ത വാക്ക് മത്സരത്തിൽ കോഹ്ലി പാലിക്കുകയും ചെയ്തു. 58 പന്തിൽ 9 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 100 റൺസ് നേടിയ ബാംഗ്ലൂർ നായകൻ ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് പുറത്തായത്.