SHARE

ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിൽ നടന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ടീം ഇന്ത്യ 2-1 ന് ആതിഥേയരോട് പരാജയം സമ്മാനിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ വലിയ സ്കോറുകൾ കണ്ടെത്താനാവാതെ പുറത്തായ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയായിരുന്നു, പരമ്പര അവസാനിക്കുമ്പോൾ റൺ വേട്ടയിൽ മുന്നിലുണ്ടായിരുന്നത്. ഇരു ടീമിലേയും ബോളർമാരുടെ അപ്രമാദിത്വം കണ്ട പരമ്പരയിൽ സെഞ്ചുറി നേടിയ ഏക ബാറ്റ്സ്മാനും കോഹ്ലിയായിരുന്നു. എന്നാൽ ആ പരമ്പരയിൽ മികവിലേക്കുയരാൻ തന്നെ സഹായിച്ചത് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സാണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട് കോഹ്ലി.

കഴിഞ്ഞ ദിവസം എൻഡിടിവി യ്ക്ക് നൽകിയ അഭിമുഖത്തിലാണ്, ഡിവില്ലിയേഴ്സ് പോലും അറിയാതെ അദ്ദേഹം തന്നെ സഹായിച്ച കാര്യം വിരാട് കോഹ്ലി തുറന്ന് പറഞ്ഞത്. ഫാസ്റ്റ് ബോളർമാരുടെ നീങ്ങിയകലുന്ന പന്തിൽ എഡ്ജിൽ കുരുങ്ങുന്നത് തന്റെ ബാറ്റിംഗിൽ പതിവായിരുന്നു, അത്തരം ബോളുകളിൽ വിക്കറ്റ് കീപ്പർമാർക്ക് ക്യാച്ച് സമ്മാനിച്ച് പലപ്പോളും തനിക്ക് വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിന് ശേഷം താൻ ഡിവില്ലിയേഴ്സിന്റെ ബാറ്റിംഗ് വീഡിയോകൾ പരിശോധിച്ചു. ഫാസ്റ്റ് ബോളർമാർക്കെതിരെ പ്രത്യേകിച്ചും ജസ്പ്രീത് ബും റയ്ക്കെതിരെ അദ്ദേഹം എങ്ങനെയാണ് ബാറ്റ് ചെയ്യുന്നത് എന്നതായിരുന്നു എനിക്ക് കാണേണ്ടിയിരുന്നത്.

ഫാസ്റ്റ് ബോളർമാർക്കെതിരെ താൻ കാണിക്കുന്ന ദൗർബല്യം ഡിവില്ലിയേഴ്സ് ബാറ്റ് ചെയ്യുമ്പോൾ കാണാനില്ല. കാരണം പിഴവുറ്റ ടെക്നിക്കാണ് പേസ് ബൗളർമാർക്കെതിരെ അദ്ദേഹത്തിന്റേത്. ഡിവില്ലിയേഴ്സിന്റെ കളിയുടെ വീഡിയോ ദൃശ്യങ്ങൾ തുടർച്ചയായി വീക്ഷിച്ച താൻ അതിന് അനുസരിച്ച് തന്റെ ബാറ്റിംഗ് ടെക്നിക്കുകളിലും ചില മാറ്റങ്ങൾ വരുത്തി. അത് പിന്നീടുള്ള മത്സരങ്ങൾ തന്റെ ബാറ്റിംഗിൽ ഗുണം ചെയ്തു. കോഹ്ലി പറഞ്ഞു നിർത്തി.

പിഴവ് പരിഹരിച്ച് ബാറ്റ് ചെയ്യാൻ ഡിവില്ലിയേഴ്സാണ് കോഹ്ലിയെ സഹായിച്ചതെങ്കിലും സാക്ഷാൽ ഡിവില്ലിയേഴ്സ് ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇക്കാര്യം താൻ ദക്ഷിണാഫ്രിക്കൻ താരത്തോട് പങ്ക് വെച്ചിട്ടില്ലെന്ന് കോഹ്ലിയും വെളിപ്പെടുത്തുന്നു. ലോകത്തെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരായി വിലയിരുത്തുന്ന കോഹ്ലിയും, ഡിവില്ലിയേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന തിരക്കിലാണ് ഇപ്പോൾ.