2019 ൽ ബംഗ്ലാദേശിനെതിരെ നടന്ന ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിലാണ് വിരാട് കോഹ്ലി അവസാനമായി ടെസ്റ്റ് സെഞ്ചുറി നേടുന്നത്. ഇതിന് ശേഷം കളിച്ച ടെസ്റ്റ് ഇന്നിംഗ്സുകളിൽ 2, 19, 3, 14, 74, 4, 11 എന്നിങ്ങനെയാണ് കോഹ്ലിയുടെ സ്കോറുകൾ. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ആരാധകരെ നിരാശപ്പെടുത്തുന്ന കോഹ്ലി, ഇംഗ്ലണ്ടിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ 11 റൺസിൽ പുറത്തായി നിരാശപ്പെടുത്തൽ തുടർന്നു.
അതേ സമയം നിലവിൽ മോശം ഫോമിലാണെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കോഹ്ലി മികച്ച ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പക്ഷക്കാരനാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. നാല് മത്സര ടെസ്റ്റ് പരമ്പരയ്ക്കിടെ 1-2 സെഞ്ചുറികൾ കോഹ്ലി നേടുമെന്നാണ് മുൻ ഇംഗ്ലണ്ട് നായകന്റെ പ്രവചനം. കോഹ്ലിയുടെ ഫോമിനെക്കുറിച്ച് ഓർത്ത് തനിക്ക് ഒരു തരത്തിലുമുള്ള ആശങ്കയുമില്ലെന്ന് പറയുന്ന വോൺ, ഈ പരമ്പരയിൽ അദ്ദേഹം 1-2 സെഞ്ചുറികൾ നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, അക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ക്രിക്ക്ബസിനോട് സംസാരിക്കവെ വ്യക്തമാക്കുകയായിരുന്നു.