SHARE

ഹെഡിംഗ്ലിയിൽ ഇന്ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനായി ഒരുക്കിയിരിക്കുന്ന പിച്ച് തന്നെ ആശ്ചര്യപ്പെടുത്തിയതായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പിച്ചിൽ കുറച്ച് കൂടി പുല്ലുണ്ടായിരിക്കുമെന്ന് താൻ കരുതിയതായും അത് കുറച്ച് കൂടി നല്ലതായിരുന്നേനെയെന്നും പറഞ്ഞ കോഹ്ലി, എന്നാൽ അങ്ങനെയല്ല‌ സംഭവിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം ആദ്യ രണ്ട് ടെസ്റ്റുകളിലും കളിക്കാനില്ലാതിരുന്ന സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മൂന്നാം ടെസ്റ്റിൽ കളിച്ചേക്കാമെന്ന സൂചനയും പത്രസമ്മേളനത്തിനിടെ അശ്വിൻ നൽകി. എപ്പോളും 12 അംഗ ടീമിനെയാണ്‌ തങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും, മത്സര ദിനം പിച്ച് പരിശോധിച്ചതിന് ശേഷമാകും അന്തിമ ഇലവനെ തിരഞ്ഞെടുക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ കോഹ്ലി, മൂന്നാം ടെസ്റ്റിലും അതേ രീതി തന്നെയായിരിക്കും ടീം പിന്തുടരുന്നതെന്ന് കൂട്ടിച്ചേർക്കാനും മറന്നില്ല.

അതേ സമയം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 3.30 ന് ലീഡ്സിലെ ഹെഡിംഗ്ലിയിലാണ് ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ര‌ണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പരയിൽ‌ 1-0 ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് തങ്ങളുടെ ലീഡ് വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഏത് വിധേനയും മത്സരം ജയിച്ച് പരമ്പരയിലേക്ക് ശക്തമായി തിരിച്ചു വരുകയാവും ഇംഗ്ലണ്ട് ലക്ഷ്യമിടുക.