SHARE

2017-2018 വര്‍ഷങ്ങളിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്ററായി വിരാട് കോഹ്ലിയെ തെരഞ്ഞെടുത്ത് ഇംഗ്ലീഷ് ആരാധകക്കൂട്ടായ്മയായ ബാർമി ആർമി. താരത്തിന് ബാര്‍മി ആര്‍മി, പുരസ്‌കാരം നല്‍കിയ വിവരം ബി സി സി ഐ ട്വിറ്ററിലൂടെ ക്രിക്കറ്റ് ലോകത്തെ അറിയിച്ചു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളെല്ലാം കാണാനെത്തി അവരെ പിന്തുണക്കുന്ന കൂട്ടായ്മയാണ് ബാര്‍മി ആര്‍മി. ഇംഗ്ലണ്ടിന്റെ വിദേശപര്യടനങ്ങള്‍ക്ക് പോലും പാട്ടും ആഘോഷവുമായി ബാര്‍മി ആര്‍മി എത്താറുണ്ട്. അവരില്‍ നിന്ന് മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ ആവേശത്തിലാണ് കോഹ്ലി. എതിരാളികളിൽ നിന്ന് പോലും നായകന്  പുരസ്കാരം ലഭിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും സന്തോഷം പകരുന്ന കാര്യമാണ്.

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇനി ടെസ്റ്റ് പരമ്പരയാണ് കോഹ്ലിക്കും സംഘത്തിനും മുന്നില്‍ അവശേഷിക്കുന്നത്. അതിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ കൗണ്ടി ടീം എസെക്‌സിനെതിരെ ത്രിദിന പരിശീലന മത്സരം കളിക്കുകയാണ് ഇന്ത്യ. മത്സരത്തില്‍ വിരാട് കോഹ്ലി 68 റണ്‍സെടുത്ത് പുറത്തായിരുന്നു. ഓഗസ്റ്റ് 1നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ്.