SHARE

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ ദക്ഷിണാഫ്രിക്കൻ ഇതിഹാസ ഓൾ റൗണ്ടർ ജാക്വസ് കാലീസിന്റെ ബോളിംഗും, ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗും അനുകരിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇതിഹാസ താരങ്ങളുടെ ആക്ഷനുകൾ അനുകരിക്കുന്ന കോഹ്ലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ജാക്വസ് കാലീസിന്റെ ബോളിംഗ് ആക്ഷന് ഏറെക്കുറെ സമാനമായിത്തന്നെ കോഹ്ലി പന്തെറിഞ്ഞെങ്കിലും, സ്മിത്തിന്റെ ബാറ്റിംഗ് അനുകരണം അത്ര ശരിയായില്ലെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ പ്രതികരണം. നേരത്തെ പിങ്ക് ബോൾ ടെസ്റ്റിന് മുൻപുള്ള പരിശീലനത്തിനിടെ വിരാട് കോഹ്ലി പ‌ന്തെറിയുന്നതിന്റെ വീഡിയോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു.

അതേ സമയം അന്താരാഷ്ട്ര കരിയറിന്റെ തുടക്ക കാലത്ത് പാർട് ടൈം ബോളറായി പന്തെറിയാനെത്തിയിരുന്ന കോഹ്ലി, ഇപ്പോൾ അപൂർവ്വമായി മാത്രമാണ് ബോൾ എറിയാറുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതു വരെ 8 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയിട്ടുള്ളത്.