SHARE

കഴിഞ്ഞ ദിവസമാണ്, പരിക്കിനെത്തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് സറേയ്ക്ക് വേണ്ടി ഈ വർഷത്തെ കൗണ്ടി ചാമ്പ്യൻഷിപ്പിൽ കളിക്കാനാവില്ല എന്നുറപ്പായത്. കോഹ്ലിയുടെ പരിക്കിന്റെ വിവരം പുറത്ത് വന്നത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. അതേ സമയം പരിക്ക് പറ്റാനുള്ള കാരണം തുടർച്ചയായുള്ള മത്സരങ്ങളാണെന്ന് ഒരു വിഭാഗം മുൻ താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോളിതാ ഇക്കാര്യത്തിൽ അഭിപ്രായമറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി‌.

വിശ്രമമില്ലാതെയുള്ള മത്സരങ്ങളാണ് കോഹ്ലിക്ക് വിനയാകുന്നതെന്നും, ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് നല്ല രീതിയിലുള്ള വിശ്രമം അദ്ദേഹത്തിന് ആവശ്യമാണെന്നും പറഞ്ഞ ശാസ്ത്രി, കോഹ്ലി ഒരു മെഷീനല്ലെന്നും, സാധാ മനുഷ്യൻ മാത്രമാണെന്നും അഭിപ്രായപ്പെട്ടു. “കോഹ്ലി ഇന്ത്യൻ ടീമിൽ ഏറ്റവും നന്നായി ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്ന താരമാണ്. പക്ഷേ അദ്ദേഹത്തിന്റെ ജോലി ഭാരം വളരെ കൂടുതലാണ്, തുടർച്ചയായുള്ള മത്സരങ്ങൾക്ക് ശേഷം ആവശ്യത്തിന് വിശ്രമം പോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല. കൃത്യമായ വിശ്രമം ലഭിക്കാത്ത കോഹ്ലി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് കൊണ്ടേയിരിക്കണമെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല” ശാസ്ത്രി പറഞ്ഞു.

അതേ സമയം പരിക്കിനെത്തുടർന്ന് അടുത്ത മാസത്തെ കൗണ്ടി മത്സരങ്ങൾ നഷ്ടമായ കോഹ്ലിക്ക് അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് മുൻപ് പരിക്കിൽ നിന്ന് മോചിതനാവാൻ കഴിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. ജൂൺ 15 ന് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടത്തുന്ന ഫിറ്റ്നസ് ടെസ്റ്റിന് ശേഷമായിരിക്കും കോഹ്ലിയുടെ വിദേശ പരമ്പരകളിലെ പങ്കാളിത്തം തീരുമാനിക്കുക.