SHARE

ഓസ്ട്രേലിയക്കെതിരെ ഈ മാസം 27 ന് ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ ഒരു തകർപ്പൻ റെക്കോർഡ് മറികടക്കാനുള്ള അവസരം. ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ കോഹ്ലിയുടെ മുന്നിലുള്ളത്.

ഓസ്ട്രേലിയക്കെതിരെ കളിച്ച 70 ഇന്നിംഗ്സുകളിൽ നിന്ന് 9 സെഞ്ചുറികൾ നേടിയ സച്ചിന്റെ പേരിലാണ് ഇപ്പോൾ ഇക്കാര്യത്തിലെ റെക്കോർഡ്‌. കോഹ്ലി നേടിയതാകട്ടെ 38 ഇന്നിംഗ്സുകളിൽ നിന്ന് 8 സെഞ്ചുറികൾ. ഇത്തവണ ഓസീസിനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര പരമ്പരയിൽ ഒരു സെഞ്ചുറി നേടാൻ കഴിഞ്ഞാൽ ഈ നേട്ടത്തിൽ സച്ചിനൊപ്പമെത്താൻ കോഹ്ലിക്ക് കഴിയും. അതേ സമയം രണ്ട് സെഞ്ചുറികൾ നേടിയാൽ ഓസ്ട്രേലിയക്കെതിരായ സെഞ്ചുറി റെക്കോർഡ് അദ്ദേഹത്തി‌ന് തന്റെ പേരിൽ മാത്രമാക്കാം.