SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം എഡിഷന് അടുത്തയാഴ്ച കൊടിയേറാനിരിക്കെ, ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണറും പ്രശസ്ത ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്ര. മുൻ സീസണുകളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്താണ് ആകാശ് ചോപ്ര ഈ ടീമിനെ തിരഞ്ഞെടുത്തത്.

ഏഴ് ഇന്ത്യൻ താരങ്ങൾക്ക് പുറമേ, 3 വെസ്റ്റിൻഡീസ് താരങ്ങളും, ഒരു ദക്ഷിണാഫ്രിക്കൻ താരവും ആകാശ് ചോപ്രയുടെ എക്കാലത്തേയും മികച്ച ഐപിഎൽ ടീമിൽ ഇടം പിടിച്ചു. ഇതിൽ മൂന്ന് താരങ്ങൾ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകളിലും നിന്നും, രണ്ട് താരങ്ങൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നും, സൺ റൈസേഴ്സ് ഹൈദരാബാദ്, കിംഗ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളിൽ നിന്ന് ഓരോ താരങ്ങൾ വീതമാണുള്ളത്.

കഴിഞ്ഞ പതിനൊന്ന് വർഷത്തെ ഐപിഎൽ കണക്കുകളെ ആസ്പദമാക്കി ആകാശ് ചോപ്ര തിരഞ്ഞെടുത്ത എക്കാലത്തേയും മികച്ച ഐപിഎൽ ടീമിന്റെ നായകൻ മഹേന്ദ്ര സിഗ് ധോണിയാണ്. എന്നാൽ ഐപിഎല്ലിലെ സൂപ്പർ താരമായ ശ്രീലങ്കൻ ഇതിഹാസ താരം ലസിത് മലിംഗയെ എക്കാലത്തെയും മികച്ച ഐപിഎൽ ടീമിൽ ചോപ്ര ഉൾപ്പെടുത്താതിരുന്നത് ആരാധകരെ അല്പം ഞെട്ടിച്ചിട്ടുണ്ട്.

ആകാശ് ചോപ്ര തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഐപിഎൽ ഇലവൻ – ക്രിസ് ഗെയിൽ, രോഹിത് ശർമ്മ, കോഹ്ലി, ഡിവില്ലിയേഴ്സ്, റൈന, ധോണി, ഡ്വെയിൻ ബ്രാവോ, നരൈൻ, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുംറ, ഹർഭജൻ സിംഗ്.