SHARE

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പിന്തുണക്കാന്‍ ആരാധകർ സ്റ്റേഡിയത്തിൽ എത്തണമെന്നാവശ്യപ്പെട്ട് ഛേത്രി രംഗത്തു വന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. അങ്ങേയറ്റം വികാരാധീനനായാണ് ഛേത്രി വീഡിയോയില്‍ സംസാരിച്ചത്.

തങ്ങള്‍ യൂറോപ്പ്യന്‍ ക്ലബുകളുടെ ലെവലില്‍ ഒന്നും വളര്‍ന്നിട്ടില്ലെങ്കിലും നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് ഛേത്രി പറഞ്ഞു. വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും സ്റ്റേഡിയത്തില്‍ വന്ന് നേരിട്ട് ചെയ്യുകയാണെങ്കില്‍ പ്രശ്‌നമില്ലെന്നായിരുന്നു ഛേത്രിയുടെ നിലപാട്. ആരാധകരുടെ പിന്തുണ ടീമിന് അത്യാവശ്യമാണെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വ്യക്തമാക്കി.

ഇപ്പോഴിതാ, ഛേത്രിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത് ദേശീയ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയാണ്. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ എല്ലാവരും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പിന്തുണക്കണമെന്നും കളി കാണാനെത്തണമെന്നും കോഹ്ലി ആവശ്യപ്പെട്ടു. തന്റെ സുഹൃത്തും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായ ഛേത്രിയുടെ വാക്കുകള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും രാജ്യത്തെ എല്ലാ കായികയിനങ്ങളെയും സപ്പോര്‍ട്ട് ചെയ്യണമെന്നും വിരാട് കോഹ്ലി ആഹ്വാനം ചെയ്തു.

ഹീറോ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ചൈനീസ് തായ്‌പേയിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. മത്സരത്തില്‍ ഛേത്രി ഹാട്രിക്കും നേടി. ഇനി 4നും 7നുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍. ഇന്ത്യയ്ക്കും ചൈനീസ് തായ്‌പേയിക്കും പുറമേ, ന്യൂസിലന്‍ഡ്, കെനിയ തുടങ്ങിയ രാജ്യങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.