SHARE

അയർലൻഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന ആദ്യ ടി20 മത്സരത്തിൽ 76 റൺസിന്റെ തകർപ്പൻ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 208/5 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ മറുപടി ബാറ്റിംഗിൽ 132 റൺസ് നേടാനെ അയർലൻഡിന് കഴിഞ്ഞുള്ളൂ.

മത്സരം ജയിച്ചെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് പൊസിഷനിൽ താഴേക്ക് ഇറങ്ങിയത് ആരാധകരെ അദ്ഭുതപ്പെടുത്തിയിരുന്നു. സാധാരണ ആദ്യ നാലിൽ ബാറ്റ് ചെയ്യാനെത്തുന്ന കോഹ്ലി ആദ്യ ടി20 യിൽ ആറാമതായാണ് ബാറ്റ് ചെയ്യാനെത്തിയത്. ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ബാറ്റിംഗിനെത്തിയ ഇന്ത്യൻ നായകൻ റണ്ണൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു.

മത്സരശേഷം തന്റെ ബാറ്റിംഗ് പൊസിഷനിൽ വന്ന മാറ്റത്തിന് കാരണവും കോഹ്ലി വ്യക്തമാക്കി. ഒരു പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ടീമിന്റെ ബാറ്റിംഗ് പൊസിഷനുകളിലെ മാറ്റമെന്നും മിഡിൽ ഓർഡറിൽ ഓരോ താരവും ഏത് പൊസിഷനിലാവും മികച്ച് നിൽക്കുക എന്നതറിയാൻ വേണ്ടിയാണ് അങ്ങനെ ഒരു പരീക്ഷണത്തിന് താൻ മുതിർന്നതെന്നും പറഞ്ഞ കോഹ്ലി, ഇത്തരം പരീക്ഷണങ്ങളിലൂടെ മാത്രമേ ടീമിന് ഏറ്റവും ഉചിതമായ ബാറ്റിംഗ് ലൈനപ്പ് ഏതെന്ന് അറിയാൻ പറ്റുകയുള്ളൂവെന്നും, അടുത്ത മത്സരങ്ങളിലും ഇത്തരം പരീക്ഷണങ്ങൾ കണ്ടേക്കാമെന്നും കൂട്ടിച്ചേർത്തു.