SHARE

ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ കൂറ്റൻ ലീഡ് നേടിയിട്ടും അവരെ ഫോളോ ഓണിനയക്കാതിരുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനം വലിയ വിമർശനങ്ങളേറ്റു വാങ്ങിയിരുന്നു. ഓസ്ട്രേലിയപ്പോലൊരു ടീമിനെ ഫോളോ ഓണിനയക്കാൻ സാഹചര്യമുണ്ടായിരുന്നിട്ടും അങ്ങനെ ചെയ്യാതിരുന്നത് ആരാധകരേയും മുൻ താരങ്ങളേയും ഞെട്ടിക്കുകയും ചെയ്തു. എന്നാൽ മത്സരത്തിൽ ഇന്ത്യ വിജയിച്ചതിനാൽ പിന്നീട് ഇതേക്കുറിച്ച് കൂടുതൽ സംസാരമുണ്ടായില്ല.

എന്നാൽ ഇപ്പോളിതാ ഓസീസിനെ മത്സരത്തിൽ ഫോളോ ഓണിനയക്കാൻ ഇന്ത്യ തയ്യാറാകാതിരുന്നതിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഓസീസ് ബോളർമാരെ തളർത്താനായിരുന്നില്ല, മറിച്ച് ഇന്ത്യൻ ബോളർമാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു രണ്ടാമതും ബാറ്റ് ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത് എന്ന് കോഹ്ലി പറയുന്നു.

” ഓസീസ് ബോളർമാരെ കൂടുതൽ സമയം ഫീൽഡിൽ നിർത്തുകയായിരുന്നില്ല‌ തങ്ങളുടെ ലക്ഷ്യം. അന്ന് ആദ്യ രണ്ട് സെഷനിലും ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞ് നിൽക്കുകയായിരുന്നു‌‌. അത് കൊണ്ടാണ് ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ, വീണ്ടും ബാറ്റ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്. വളരെയധികം ചൂടും അന്നുണ്ടായിരുന്നു. അന്ന് ബാറ്റ് ചെയ്ത്, രാത്രി നന്നായി ഉറങ്ങി പിറ്റേ ദിവസം ഏറ്റവും മികവോടെ അവർക്കെതിരെ പന്തെറിയുകയായിരുന്നു ഞങ്ങൾ ഉദ്ദേശിച്ചത്.” കോഹ്ലി പറഞ്ഞുനിർത്തി‌.