SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ പൂനെയിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുന്നതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായി വിരാട് കോഹ്ലി മാറും. നിലവിൽ ഇതിഹാസ താരം സൗരവ് ഗാംഗുലിക്കൊപ്പമാണ് ഈ നേട്ടത്തിൽ കോഹ്ലി. 49 ടെസ്റ്റ് മത്സരങ്ങളിലാണ് ഇരുവരും ടീമിനെ നയിച്ചിട്ടുള്ളത്. നാളത്തെ മത്സരത്തോടെ ഇക്കാര്യത്തിൽ ഗാംഗുലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

60 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ഇതിഹാസ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണ് ഇക്കാര്യത്തിൽ കോഹ്ലിക്ക് മുന്നിലുള്ളത്. ഇത്രയും ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27 ജയങ്ങളാണ് ധോണി ടീമിന് സമ്മാനിച്ചിട്ടുള്ളത്. അതേ സമയം 2014-15 ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് നായകനായി ചുമതലയേറ്റ കോഹ്ലി ഇത് വരെ ടീമിനെ 29 മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ചു.

ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ നയിച്ച നായകന്മാർ ഇങ്ങനെ,

എം എസ് ധോണി – 60
വിരാട് കോഹ്ലി* – 49
സൗരവ് ഗാംഗുലി – 49
സുനിൽ ഗവാസ്കർ – 47
മൊഹമ്മദ് അസറുദ്ദീൻ – 47
മൻസൂർ അലി ഖാൻ പട്ടൗഡി – 40.