SHARE

വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് മുൻ നായകൻ എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡുകളിലൊന്ന് തകർക്കാനുള്ള അവസരം. വിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരാൻ ഇന്ത്യയ്ക്ക് കഴിഞ്ഞാൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായി കോഹ്ലി മാറും. ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണിയെയാകും ഇക്കാര്യത്തിൽ കോഹ്ലി മറികടക്കുക.

60 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച് 27 മത്സരങ്ങളിൽ ടീമിന് വിജയം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയാണ് ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ‌ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമായുള്ള ഇന്ത്യൻ നായക‌ൻ. 2014 ൽ ധോണി വിരമിച്ചപ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്ത കോഹ്ലി ഇത് വരെ 46 മത്സരങ്ങളിൽ 26 വിജയങ്ങൾ ടീമിന് സമ്മാനിച്ചു. വിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചാൽ ക്യാപ്റ്റൻസിയിലെ ഈ ഇന്ത്യൻ റെക്കോർഡ് കോഹ്ലിയുടെ മാത്രം പേരിലാകും. അതേ സമയം ഒരു മത്സരം മാത്രമാണ് ഇന്ത്യ ജയിക്കുന്നതെങ്കിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ഇന്ത്യൻ നായകന്മാരിൽ ധോണിക്കൊപ്പമെത്താൻ കോഹ്ലിക്ക് കഴിയും.

സൗരവ് ഗാംഗുലി, മൊഹമ്മദ് അസറുദ്ദീൻ എന്നിവരാണ് ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്മാരിൽ മൂന്നും, നാലും സ്ഥാനങ്ങളിലുള്ളത്. ഗാംഗുലി 49 ടെസ്റ്റുകളിൽ 21 ജയവും, അസറുദ്ദീൻ 47 ടെസ്റ്റുകളിൽ 14 ജയങ്ങളുമാണ് ടീമിന് സമ്മാനിച്ചിട്ടുള്ളത്.