SHARE

ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ ചതുർദിന പരിശീലന മത്സരത്തിൽ പന്തെറിഞ്ഞ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വല്ലപ്പോളും മാത്രം ക്രിക്കറ്റിൽ പന്തെറിഞ്ഞ് കാണാറുള്ള കോഹ്ലി ഇത്തവണ ഏഴ് ഓവറുകളാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിലെറിഞ്ഞത്. ഇതിനിടെ സെഞ്ചുറി നേടിയ എതിർ സൂപ്പർ താരം ഹാരി നീൽസണെ അദ്ദേഹം പുറത്താക്കുകയും ചെയ്തു.

വിക്കറ്റ് വീഴ്ത്തിയതിനേക്കാളുപരി അതിന് ശേഷം കോഹ്ലി നടത്തിയ ആഘോഷമാണ് ആരാധകർക്ക് ആവേശം സമ്മാനിച്ചത്. കോഹ്ലിയുടെ പന്ത് അടിച്ചുയർത്താനുള്ള ഹാരി നീൽസണിന്റെ ശ്രമം മിഡ് ഓൺ ഫീൽഡർ ഉമേഷ് യാദവിന്റെ കൈകളിൽ അവസാനിച്ചപ്പോൾ വലിയ ചിരിയോടെ ക്രീസിൽ നിൽക്കുകയായിരുന്നു കോഹ്ലി. പിന്നീട് സന്തോഷത്തോടെ തന്റെ കൈകൾ രണ്ടും മുകളിലേക്കുയർത്തി കോഹ്ലിയുടെ വിക്കറ്റ് ആഘോഷം. വിക്കറ്റിന് ശേഷം മനം നിറഞ്ഞ് കോഹ്ലി ഗ്രൗണ്ടിൽ നിന്നപ്പോൾ സഹതാരങ്ങൾക്കും ഏറെ ആവേശം. ഓടിയെത്തിവരെല്ലാം‌ കോഹ്ലിയെ അനുമോദിച്ചു.

-Advertisement-

അതേ സമയം വിക്കറ്റ് വീഴ്ത്തിയെങ്കിലും കോഹ്ലിയുടെ ക്രിക്കറ്റ് കരിയറിൽ ഈ വിക്കറ്റ് അടയാളപ്പെടുത്തില്ല. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ചതുർദിന മത്സരം ഒരു ഫസ്റ്റ് ക്ലാസ് മത്സരമല്ലാത്തതാണ് ഇതിന് കാരണം.