SHARE

ഇന്ത്യയ്ക്കെതിരെ ഇന്നലെ നാഗ്പൂരിൽ നടന്ന രണ്ടാംഏകദിന മത്സരത്തിൽ 8 റൺസിനായിരുന്നു ഓസീസിന്റെ തോൽവി. തുടർച്ചയായ രണ്ടാം പരാജയത്തോടെ അഞ്ച് മത്സര ഏകദിന പരമ്പരയിൽ ഓസ്ട്രേലിയ 2-0 ന് പിന്നിലായിരിക്കുകയാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തകർപ്പ‌ൻ സെഞ്ചുറിയായിരുന്നു രണ്ടാം ഏകദിനത്തിലെ പ്രത്യേകത. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിനിടെ മത്സരത്തിൽ ഇരു ടീമുകളും തമ്മിലുണ്ടായിരുന്ന വ്യത്യാസം വിരാട് കോഹ്ലിയാണെന്ന് ഓസീസ് നായകൻ ആരോൺ ഫിഞ്ച് വെളിപ്പെടുത്തി.

” വിരാട് കോഹ്ലിയായിരുന്നു മത്സരത്തിലെ പ്രധാന വ്യത്യാസം. ഞങ്ങളുടെ ബാറ്റ്സ്മാന്മാരിലൊരാൾ മികവിലെത്തിയിരുന്നെങ്കിൽ മത്സരഗതി പക്ഷേ മാറിയേനേ.” ഫിഞ്ച് പറഞ്ഞു.

മത്സരത്തിന്റെ അവസാന ഓവർ വരെ ഓസീസിന്‌ വിജയ പ്രതീക്ഷ നൽകി ബാറ്റ് ചെയ്ത ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസിനേയും ഫിഞ്ച് പുകഴ്ത്തി. മാർക്കസ് സ്റ്റോയിനിസിന്റെ ഇന്നിംഗ്സിനെ ഒന്നാന്തരമെന്ന് വിശേഷിപ്പിച്ച ഫിഞ്ച്, കൂറ്റൻ ഷോട്ടുകൾക്ക് ശ്രമിച്ച് സ്റ്റോയിനിസ് നേരത്തെ ഔട്ടായിരുന്നു എങ്കിൽ ഞങ്ങളുടെ സാധ്യതകളും വളരെ നേരത്തെ അവസാനിച്ചേനെയെന്നും ഫിഞ്ച് കൂട്ടിച്ചേർത്തു.