SHARE

ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ നായക സ്ഥാനമൊഴിയുമെന്ന വാർത്തകൾ തെറ്റാണെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുംലാൽ. കോഹ്ലി പരിമിത ഓവർ ക്രിക്കറ്റിലെ നായക സ്ഥാനം ഒഴിയാൻ പോവുകയാണെന്നും ശേഷം രോഹിത് ശർമ്മ‌ ടീമിന്റെ നായകനാകുമെന്നും ചൂണ്ടിക്കാട്ടി ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട വാർത്ത ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കവെയാണ് അടിസ്ഥാനരഹിതമായ വാർത്തയാണ് അതെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ ട്രഷറർ രംഗത്തെത്തിയിരിക്കുന്നത്.

“എല്ലാ ഫോർമ്മാറ്റുകളിലും വിരാട് കോഹ്ലി തന്നെ ഇന്ത്യൻ നായകനായി തുടരും‌. സ്പ്ലിറ്റ് ക്യാപ്റ്റൻസിയെക്കുറിച്ച് ഞങ്ങൾ ഇതു വരെ ഒന്നും തന്നെ ചർച്ച ചെയ്തിട്ടില്ല. അതുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും അസംബന്ധം മാത്രമാണ്.” ന്യൂസ് ഏജൻസിയായ ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസിനോട്‌ സംസാരിക്കവെ ബിസിസിഐ ട്രഷറർ അരുൺ ധുംലാൽ വ്യക്തമാക്കി.

അതേ സമയം ഏകദിന, ടി20 ടീമുകളുടെ നായക‌ സ്ഥാനം ഒഴിയുന്ന കാര്യത്തിൽ കോഹ്ലി രോഹിതുമായും, ഇന്ത്യൻ ടീം മാനേജ്മെന്റുമായും ദീർഘനേരം ചർച്ച നടത്തിയതായും, വരും മാസങ്ങളിൽ കോഹ്ലി തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നുമായിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നത്. എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായിത്തീരാൻ കോഹ്ലി ആഗ്രഹിക്കുന്നുവെന്നും അതിന് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നതിനാൽ നായക സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ കോഹ്ലിയെത്തിച്ചേരുകയായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങൾ തങ്ങളോട് പറഞ്ഞിരുന്നതായും ടൈംസ് ഓഫ് ഇന്ത്യ അവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നാണ്‌ അരുൺ ധുംലാലിന്റെ വാക്കുകളിൽ നിന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.