SHARE

ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമേ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളിക്കാനുണ്ടാകൂ. തന്റെ ആദ്യ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നതിനാലാണ് അവസാന മൂന്ന് ടെസ്റ്റുകൾ താരത്തിന് നഷ്ടമാകുന്നത്. കോഹ്ലിയുടെ അഭാവം ഇന്ത്യയ്ക്ക് ടെസ്റ്റ് പര‌മ്പരയിൽ കനത്ത തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ മറ്റൊരു തരത്തിലാണ് ഇതിനെ നോക്കിക്കാണുന്നത്.

വിരാട് കോഹ്ലിയുടെ അഭാവം മറ്റ് കളികാരെ അവരുടെ നിലവാരം ഉയർത്താൻ പ്രേരിപ്പിക്കുമെന്നും, ചരിത്രം നോക്കിയാൽ എല്ലായ്പ്പോളും ഇങ്ങനെ സംഭവിച്ചതായി നമുക്ക് കാണാൻ കഴിയുമെന്നും പറയുന്ന ഗവാസ്കർ, കോഹ്ലിയില്ലാത്തത് ഒരു തരത്തിൽ ഇന്ത്യൻ ടീമിന് ഗുണമാകുമെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ചത്.

ഗവാസ്കറിന്റെ വാക്കുകൾ ഇങ്ങനെ, “വിരാട് ഇല്ലാതിരുന്നപ്പോളെല്ലാം ഇന്ത്യ ജയിച്ചിട്ടുണ്ട് എന്നത് നമുക്ക് കാണാൻ കഴിയും. അത് ഓസ്ട്രേലിയക്കെതിരായ ധർമ്മശാല ടെസ്റ്റ് ആകട്ടെ, അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റാകട്ടെ, നിദാഹസ് ട്രോഫി ആകട്ടെ, 2018 ലെ ഏഷ്യാകപ്പ് ആയിക്കോട്ടെ‌. കോഹ്ലി ഇല്ലെങ്കിൽ ഇന്ത്യൻ കളികാർ തങ്ങളുടെ കളി ഉയർത്താനുള്ള പ്രവണത കാട്ടും. അദ്ദേഹത്തിന്റെ അഭാവം പരിഹരിക്കണമെന്ന് അവർ ആഗ്രഹിക്കും.” ഇന്ത്യൻ ഇതിഹാസ താരം പറഞ്ഞു നിർത്തി.