ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സ് പുറത്തായിക്കഴിഞ്ഞു. ക്യാപ്റ്റൻസി മാറ്റമടക്കമുള്ള പല വിവാദങ്ങളാൽ നിറംകെടുത്തിയത് കൂടിയാണ് ചെന്നൈയുടെ ഈ സീസൺ. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ചെന്നൈ പ്ലേഓഫ് കാണാതെ പുറത്താകുന്നത്.
ക്യാപ്റ്റൻസിയാണ് ചെന്നൈയെ അലട്ടുന്ന പ്രധാന പ്രശ്നം. മഹേന്ദ്ര സിങ് ധോണിക്ക് പിൻഗാമിയെ കണ്ടെത്താൻ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. വലിയ പ്രതീക്ഷകളോടെയാണ് അവർ ഇക്കുറി രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റൻ ചുമതല നൽകിയത്. ജഡേജയെ മികച്ച ക്യാപ്റ്റനായി പരുവപ്പെടുത്തിയെടുക്കാൻ ധോണി കളിക്കളത്തിലുണ്ടെന്ന പ്രതീക്ഷയും അവർക്കുണ്ടായിരുന്നു. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചു. ഒടുവിൽ ക്യാപ്റ്റൻസി ധോണി തന്നെ ഏറ്റെടുക്കേണ്ടിവന്നു. പിന്നാലെ ജഡേജ ടീം വിടുകയും ചെയ്തു. പരുക്കാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും ജഡേജ ടീമുമായി ഇടഞ്ഞതായാണ് സൂചന.
ഈ സാഹചര്യത്തിൽ ധോണിക്ക് പിൻഗാമിയായി ഓപ്പണർ റുതുരാജ് ഗെയ്ക്വാദിനെ കൊണ്ടുവരണമെന്നാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ് പറയുന്നത്. ക്രിക്ക്ബസിനോടാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ കൂടിയായിരുന്ന സേവാഗ് ഇക്കാര്യം പറഞ്ഞത്.
എല്ലാവർക്കും ഒരു നല്ല സീസൺ ഉണ്ടാകും, എന്നാൽ അടുത്ത മൂന്നോ നാലോ സീസൺ റുതുരാജ് സ്ഥിരത പുലർത്തിയാൽ അദ്ദേഹത്തെ ചെന്നൈയുടെ അടുത്ത ക്യാപ്റ്റനാക്കാം, ധോണിക്ക് ശേഷം ദീർഘകാലം ടീമിനെ നയിക്കാൻ അദ്ദേഹത്തിനാകും, എന്തുകൊണ്ടാണ് ധോണിയെ മികച്ച ക്യാപ്റ്റനെന്ന് ലോകം വാഴ്ത്തുന്നത്, ധോണി വളരെ കൂളാണ്, സ്വന്തമായി തീരുമാനങ്ങളെടുക്കുകയും, തന്റെ ബാറ്റർമാരേയും ബൗളർമാരേയും നന്നായി ഉപയോഗിക്കുകയും ചെയ്യും ധോണി, ഒപ്പം ധോണിക്ക് ഭാഗ്യമെന്ന ഘടകവും അനുകൂലമാണ്, ധൈര്യപൂർവം തീരുമാനമെടുക്കുന്നവരെയേ ഭാഗ്യം കടാക്ഷിക്കുകയുള്ളു, ഈ ഭാഗ്യത്തിന്റെ ഘടകമൊഴികെ ധോണിയുടെ മറ്റെല്ലാം ഗുണങ്ങളും റുതുരാജിനുമുണ്ട്, സേവാഗ് പറഞ്ഞു.