SHARE

കഴിഞ്ഞ അഞ്ച് സീസണുകളായി കിംഗ്സ് ഇലവൻ പഞ്ചാബിനോടൊപ്പമുണ്ടായിരുന്ന‌ സേവനം‌ അവസാനിപ്പിച്ച് ഇന്ത്യൻ ഇതിഹാസ താരം വീരേന്ദർ സേവാഗ്. ഇന്നലെ സേവാഗ് തന്നെയാണ് താൻ കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന കാര്യം പ്രഖ്യാപിച്ചത്.

സേവാഗിന്റെ വാക്കുകൾ ഇങ്ങനെ, ” എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. കിംഗ്സ് ഇലവൻ പഞ്ചാബിനൊപ്പം മികച്ച നിമിഷങ്ങളായിരുന്നു തന്റേത്. കളികാരനെന്ന നിലയിൽ 2 വർഷവും, ടീം മെന്ററെന്ന നിലയിൽ മൂന്ന് വർഷവും അവിടെ പ്രവർത്തിച്ചു. ഇപ്പോളിതാ പഞ്ചാബ് ടീമുമായുള്ള തന്റെ സഹകരണം അവസാനിക്കുകയാണ്. എല്ലാവർക്കും നന്ദി. ഭാവിയിൽ നേട്ടങ്ങളിലേക്ക് സഞ്ചരിക്കാൻ ടീമിന് എല്ലാവിധ ആശംസകളും.” സേവാഗ് പറഞ്ഞു.

2014 ൽ കിംഗ്സ് ഇലവൻ പഞ്ചാബിലെത്തിയ സേവാഗ് ആ വർഷവും, 2015 ലും അവർക്ക് വേണ്ടി ഐപിഎല്ലിൽ കളിച്ചു. 2014 ഐപിഎല്ലിലെ ക്വാളിഫയർ മത്സരത്തിൽ ചെന്നൈക്കെതിരെ സേവാഗ് നേടിയ സെഞ്ചുറി ടീമിനെ ആദ്യമായി ഐപിഎൽ ഫൈനലിലെത്തിച്ചു. 2015 ന് ശേഷം ക്രിക്കറ്റ് കളി മതിയാക്കിയെങ്കിലും 2016 മുതലുള്ള മൂന്ന് സീസണുകളിലും താരം അവരുടെ ടീം മെന്ററായി പ്രവർത്തിച്ചു. ടീം ഘടന മുതൽ താരങ്ങളുടെ റിക്രൂട്ട്മെന്റിന്റെ കാര്യത്തിൽ പോലും പഞ്ചാബ് ടീമിൽ വ്യക്തമായ സ്വാധീനമായിരുന്നു വീരുവിനുണ്ടായിരുന്നത്.