SHARE

ഇന്ത്യ‌ൻ പ്രീമിയർ ലീഗിലെ ഏറ്റവും വിജയിയായ ക്യാപ്റ്റന്മാരിലൊരാളാണ് ഇന്ത്യൻ ഇതിഹാസ താരം. മഹേന്ദ്ര സിംഗ് ധോണി. 2008 ൽ ചെന്നൈയിലെത്തിയ ധോണി, ഐപിഎല്ലിലെ എല്ലാ സീസണുകളിലും അവരെ പ്ലേ ഓഫിലെത്തിച്ച നായകനാണ്. എന്നാൽ 2008 ലെ ആദ്യ ഐപിഎല്ലിന് മുന്നോടിയായി ധോണിയെയല്ല മറിച്ച് വീരേന്ദർ സേവാഗിനെ തങ്ങളുടെ നായക സ്ഥാനത്തേക്ക് കൊണ്ടു വരാനായിരുന്നു ചെന്നൈയ്ക്ക് പദ്ധതികളുണ്ടായിരുന്നതെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം സുബ്രഹ്മണ്യം ബദ്രീനാഥ്.

സേവാഗ് തന്റെ നാട്ടിൽ നിന്നുള്ള ഐപിഎൽ ടീമായ ഡെൽഹി ഡെയർഡെവിൾസിലേക്ക് പോകാൻ തീരുമാനിച്ചതോടെ ചെന്നൈയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറേണ്ടി വരുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ ബദ്രീനാഥ് കൂട്ടിച്ചേർത്തു.

ബദ്രീനാഥിന്റെ വാക്കുകൾ ഇങ്ങനെ, “2008 ലാണ് ഐപിഎൽ ആരംഭിച്ചത്. അന്ന് ചെന്നൈ സൂപ്പർ കിംഗ്സ് കണ്ടു വെച്ച ആദ്യ ഓപ്ഷൻ വീരേന്ദർ സേവാഗ് ആയിരുന്നു. സേവാഗിനെ ടീമിലെത്തിക്കാൻ ചെന്നൈ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. എന്നാൽ താൻ ഡെൽഹിയിലാണ് വളർന്നതെന്നും അവിടുത്തെ ടീമുമായി കുറച്ച് കൂടി നല്ല ബന്ധമുണ്ടാകുമെന്നും സേവാഗ് തന്നെ പറഞ്ഞു. പിന്നീട് ലേലം വന്നു. 2008 ലെ താരലേലത്തിലെ ഏറ്റവും വിലയേറിയ താരമായി ധോണി (6 കോടി രൂപ) ചെന്നൈയിലെത്തി. ” ബദ്രീനാഥ് പറഞ്ഞു നിർത്തി.