SHARE

നെതർലൻഡ് ദേശീയ ടീം നായകനായി ലിവർപൂളിന്റെ പ്രതിരോധനിരതാരം വിർജിൽ വാൻ ഡൈക്കിനെ പരിശീലകൻ റൊണാൾഡ് കോമാൻ പ്രഖ്യാപിച്ചു. ലോകകപ്പ് യോ​ഗ്യത നേടാനാകാതെ വന്നതോടെ, മുൻ നായകൻ ആര്യൻ റോബൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. ഇതോടെയാണ് ഇം​ഗ്ലണിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിന് മുന്നോടിയായി പുതിയ നായകനെ തീരുമാനിച്ചത്.

ജനുവരിയിലാണ് 75 ദശലക്ഷം യൂറോ എന്ന റിക്കാർഡ് തുകയ്ക്ക് വാൻ ഡൈക്കിനെ സതാംപ്ടണിൽ നിന്ന് ലിവിർപൂളിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമായി ഇത് വാൻ ഡൈക്കിനെ മാറ്റി. നേരത്തെ സതാംപടണിൽ വാൻ ഡൈക്കിന്റെ പരിശീലകനായിരുന്നു കോമാൻ. നെതർലൻഡിനെ നയിക്കനാനുള്ള ചുമതല ഏൽപ്പിച്ചത് വളരെ പ്രത്യേകതയുള്ള ഒന്നാണ്, മികച്ച പ്രകടനം നടത്താനാകുമെന്നാണ് എന്റെ പ്രതീക്ഷ, വാൻ ഡൈക്ക് പറഞ്ഞു. സൗഹൃദ മത്സരത്തിനായി ഇം​ഗ്ലീഷ് ടീം ആംസ്റ്റർഡാമിലെത്തിയിട്ടുണ്ട്. ഡച്ച് പരിശീലക വേഷത്തിൽ കോമാന്റെ ആദ്യ മത്സരമാണിത്.

2016-ൽ ഫ്രാൻസിൽ നടന്ന യൂറോക്കപ്പിലും നെതർലൻഡിന് യോ​ഗ്യത നേടാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ലോകകപ്പിനും ടിക്കറ്റുറപ്പിക്കാനാകതെ വന്നതോടെ, റോബൻ, വെസ്ലി സ്നൈഡർ തുടങ്ങി മുതിർന്ന താരങ്ങൾ കളി മതിയാക്കിയിരുന്നു. ഇതോടെ യുവ താരങ്ങളെ അണിനിരത്തിയുള്ള ടീമിനെയായിരിക്കും കോമാൻ ഇം​ഗ്ലണ്ടിനെതിരെ ഇറക്കുക.