SHARE

ചെന്നൈയിൻ എഫ്സിയോട് വിടപറഞ്ഞ സ്റ്റാർ ​ഗോൾ കീപ്പർ വിശാൽ കെയ്ത്, എടികെ മോഹൻ ബ​ഗാനിലേക്ക് കൂടുമാറും. ഖേൽ നൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് വിശാൽ കൊൽക്കത്ത ക്ലബിലേക്ക് ചുവടുമാറ്റുന്നത്.

2019-20 സീസണിൽ ചെന്നൈയിനിലെത്തിയ വിശാൽ, ആദ്യം ക്ലബിന്റെ ഒന്നാം ​ഗോളിയായിരുന്നു. എന്നാൽ തുടർന്നുള്ള സീസണുകളിൽ പ്ലേയിങ് ഇലവനിലെ വിശാലിന്റെ അവസരം കുറഞ്ഞുതുടങ്ങി. ഇതിനുപിന്നാലെയാണിപ്പോൾ താരം ക്ലബ് മാറുന്നത്. വിശാൽ ബ​ഗാനിലെത്തുന്നതോടെ നെഞ്ചിടിപ്പേറുന്നത് സീനിയർ ​ഗോളിയായ അംരീന്ദർ സിങ്ങിനാണ്.

കഴിഞ്ഞ സീസണിലാണ് അഞ്ച് വർഷത്തെ കരാറിൽ ബ​ഗാൻ അംരീന്ദറിനെ സ്വന്തമാക്കിയത്. എന്നാൽ ബ​ഗാൻ ജേഴ്സിയിൽ അംരീന്ദറിന്റെ പ്രകടനം പലപ്പോഴും നിരശാപ്പെടുത്തുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ കൂടി ടീമിലെത്തിക്കുന്നത്. വിശാൽ വരുന്നതോടെ അംരീന്ദറിനോട് മറ്റ് സാധ്യതകൾ തേടാൻ ബ​ഗാൻ ആവശ്യപ്പെട്ടതായി സൂചനകളുണ്ട്. എന്നാൽ ​ബ​ഗാനിൽ തന്നെ തുടരാനാണ് അംരീന്ദറിന്റെ താൽപര്യമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ബ​ഗാനിൽ തുടർന്നാലും ആദ്യ ഇലവനിൽ അംരീന്ദറിന് അവസരം കിട്ടാൻ സാധ്യത കുറവാണ്.