SHARE

മുഹമ്മദ് സാലയാണ് ഇന്ന് ആഫ്രിക്കൻ രാജ്യമായ ഈജിപ്തിന്റെ അഭിമാനം. ടീമിന് ലോകകപ്പ് യോ​ഗ്യത നേടിക്കൊടുത്ത സാലയെ അന്നാട്ടുകാർ ദൈവതുല്യനായാണ് പരി​ഗണിക്കുന്നത്. സ്കൂളിന് സാലയുടെ പേര് നൽകുക. സാല എന്ന് പേരുള്ളവർക്ക് റസ്റ്ററന്റിലും കിഴിവ് നൽകുക തുടങ്ങി സാലയുമായി ബന്ധപ്പെട്ട എന്തിനും ഈജിപ്തിൽ പ്രത്യേക സ്ഥാനമാണ്. ഇപ്പോൾ‍ മൊബൈൽ സേവനദാതാക്കളായ വോഡഫോണും സാലയെ മുന്നിൽ നിർത്തി കച്ചവടം പൊടിപൊടിക്കുകയാണ്.

മുഹമ്മദ് സാല നേടുന്ന ഓരോ ​ഗോളിനും പതിനൊന്ന് മിനിറ്റ് വീതം സൗജന്യ സേവനം തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകാനാണ് വോഡഫോൺ ഈജിപ്ത് തീരുമാനിച്ചിരിക്കുന്നത്. മുഹമ്മദ് സാലയുടെ ജേഴ്സി നമ്പറാണ് പതിനൊന്ന്. വോഡഫോൺ ഈജിപ്തിൽ മുഹമ്മദ് സാലയും ലിവർപൂൾ ക്ലബുമായി ചേർന്നാണ് കച്ചവടത്തിന് തുടക്കമിട്ടത്. സാലയോട് ഈജിപ്തിലെ ജനങ്ങൾക്കുള്ള സ്നേഹവും ആരാധനയുമാണ് വോഡഫോൺ ലക്ഷ്യമിട്ടത്. നിലവിലെ സീസൺ അവസാനിക്കുന്നത് വരെയാണ് ഈ സൗകര്യമുള്ളത്.

പ്രീമിയർ ലീ​ഗിലും മറ്റ് മത്സരങ്ങളിൽ നിന്നുമായി സീസണിലിതുവരെ 35 ​ഗോളുകൾ സാല നേടിക്കഴിഞ്ഞു. സീസൺ അവസാനിക്കാൻ ഇനിയും രണ്ടര മാസത്തോളം അവശേഷിക്കേ ​ലിവർപൂളിനായി ​ഗോളടി റിക്കാർഡ് സ്വന്തമാക്കാനാണ് സാല ശ്രമിക്കുന്നത്. ഈ വർഷത്തെ ബാലൺ ദി ഓർ പുരസ്കാരത്തിന് സാലയ്ക്ക് പലരും മുൻതൂക്കം പ്രവചിച്ചുകഴിഞ്ഞു.