SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഫേവറിറ്റുകൾ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടുമാണെന്ന് ഇതിഹാസ ക്രിക്കറ്റർ വിവി എസ് ലക്ഷ്മൺ. കഴിഞ്ഞ‌ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ലക്ഷ്മണിന്റെ വെളിപ്പെടുത്തൽ.

ആതിഥേയരായ ഇംഗ്ലണ്ടിന് നാട്ടിലെ സാഹചര്യങ്ങൾ നന്നായി അറിയാവുന്നത് തുണയാകുമ്പോൾ മികച്ച ഫോമിലാണെന്നതാണ് ഇന്ത്യയ്ക്ക് ലോകകപ്പിൽ അനുകൂല‌ഘടകമാകുന്നതെന്ന് ലക്ഷ്മൺ പറയുന്നു. “ലോകകപ്പ് അടുത്തെത്തുമ്പോൾ ഫോമിലേക്ക് ഉയരുന്നത് വളരെയധികം പ്രധാനമാണ്. ലോകകപ്പ് ദൈർഘ്യമേറിയ ടൂർണമെന്റാണ്. അത് കൊണ്ട് തന്നെ ഇന്ത്യ കിരീടം നേടണമെങ്കിൽ ടീമിലെ എല്ലാ താരങ്ങളും മാനസികമായും കായികമായും ഏറ്റവും മികച്ച അവസ്ഥയിലായിരിക്കണം. ഇന്ത്യ ഫേവറിറ്റുകളായാണ് ലോകകപ്പിനെത്തുന്നത്. ഇന്ത്യയ്ക്ക് പുറമേ ഇംഗ്ലണ്ടും ടൂർണമെന്റിലെ ഫേവറിറ്റുകളാണ്. ” ലക്ഷ്മൺ പറഞ്ഞുനിർത്തി.

ഓസ്ട്രേലിയക്കെതിരെയും ന്യൂസിലൻഡിനുമെതിരെയുമുള്ള ഏകദിന പരമ്പരകളിൽ ഇന്ത്യൻ ടീം കാഴ്ച വെച്ച പ്രകടനത്തേയും ലക്ഷ്മൺ പ്രശംസിച്ചു. ഈ രണ്ട് പരമ്പരകളിലും വളരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേതെന്നും അവർ കളിച്ച രീതി പ്രശംസനീയമാണെന്നും പറഞ്ഞ ലക്ഷ്മൺ ടീമിലെ എല്ലാ താരങ്ങളും വിജയത്തിൽ അവരുടേതായ പങ്ക് വഹിക്കുന്നുണ്ടെന്നും, ബോളിംഗ്, ബാറ്റിംഗ് മേഖലകൾ ഒരുമിച്ച് തിളങ്ങുന്നത് ലോകകപ്പ് അടുത്തെത്തുമ്പോൾ സന്തോഷിക്കാൻ ഏറെ വക‌ നൽകുന്ന കാര്യമാണെന്നും കൂട്ടിച്ചേർത്തു.