SHARE

സിംബാവെയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീം പരിശീലകനാകും. ഓ​ഗസ്റ്റ് 18 മുതൽ 22 വരെ നടക്കുന്ന പരമ്പരയിലാണ് ലക്ഷ്മൺ ടീമിനെ പരിശീലിപ്പിക്കുക. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് പിടിഐയോട് ഇക്കാര്യം പറഞ്ഞത്.

സിബാംവെയ്ക്കെതിരായ പരമ്പരയ്ക്കുള്ള സ്ക്വാഡിനെ കഴിഞ്ഞ ദിവസാണ് പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിനുള്ള സ്ക്വാഡിലുള്ളവരിൽ കെഎൽ രാഹുൽ, ദീപക് ഹൂഡ എന്നീ താരങ്ങളാണ് ഈ പരമ്പര കളിക്കുക. ഓ​ഗസ്റ്റ് 22-നാണ് ഈ പര്യടനം അവസാനിക്കുക. അതേസമയം തന്നെ ഓ​ഗസ്റ്റ് 23-നാണ് ഏഷ്യാ കപ്പിനുള്ള സ്ക്വാഡ് യുഎഇയിലെത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പരിശീലകൻ രാഹുൽ ​ദ്രാവിഡിന് സീനിയർ ടീമിനൊപ്പം ചേരേണ്ടതുണ്ട്. അതിനാലാണ് സിംബാവെ പരമ്പരയിൽ ടീമിന്റെ ചുമതല ലക്ഷ്മൺ ഏറ്റെടുക്കുന്നത്.

നിലവിൽ ബെം​ഗളുരുവിലെ നാഷ്നൽ ക്രിക്കറ്റ് അക്കാദമി മേധാവിയാണ് ലക്ഷ്മൺ. ഇത് രണ്ടാം തവണയാണ് ലക്ഷ്മൺ ദേശീയ ടീം പരിശീലകദൗത്യം ഏറ്റെടുക്കുന്നത്. നേരത്തെ ഇന്ത്യൻ സീനിയർ ടീം ഇം​ഗ്ലണ്ടിലായിരുന്നപ്പോൾ, അയർലൻഡിനെതിരായ പരമ്പര കളിച്ച രണ്ടാം നിര ടീമിനെ പരിശീലിപ്പിച്ചത് ലക്ഷ്മണായിരുന്നു.