ലോക ഫുട്ബോളില്‍ പരുക്ക് മൂലം തകര്‍പ്പെട്ട ഫുട്ബോള്‍ കരിയറുകള്‍ നിരവധിയാണ്. അക്കൂട്ടത്തിലേക്ക് പുതുതായി എത്തിയിരിക്കുന്നത് 29കാരനായ വെയ്ല്‍സ് താരം സൈമണ്‍ ചര്‍ച്ചാണ്. 2016 യൂറോ കപ്പ് സെമിഫൈനലില്‍ പോര്‍ച്ചുഗലിനെതിരെ കളത്തിലിറങ്ങിയ ചര്‍ച്ച് ഒരിക്കലും കരുതിക്കാണില്ല, അത് തന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം ആയിരിക്കുമെന്ന്.
അരക്കെട്ടില്‍ പരുക്കേറ്റത് ഫുട്ബോള്‍ കരിയറിന് തടസ്സമാവുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ കഴിഞ്ഞ ദിവസമാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘ ഇങ്ങനെയൊരു ദിവസം വരുമെന്ന് കരുതിയിരുന്നില്ല, പക്ഷേ എനിക്ക് ലഭിച്ച ഡോക്ടര്‍മാരുടെ ഉപദേശം എന്നെ അതിന് നിര്‍ബന്ധിക്കുന്നു, ബൂട്ടഴിക്കുകയാണെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്’ – ചര്‍ച്ച് പറഞ്ഞു. വെയ്ല്‍സ് ദേശീയ ടീമിന് 38 മത്സരങ്ങള്‍ കളിച്ച താരം മൂന്നു ഗോളുകളാണ് നേടിയത്.
ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷന് ക്ലബ് സ്കണ്‍തോര്‍പ്പ് യുണൈറ്റഡിന് വേണ്ടി കഴിഞ്ഞ ഒക്ടോബറിലാണ് ചര്‍ച്ച് അവസാനമായി കളിച്ചത്. പിന്നീട് താരത്തെ പരുക്ക് അലട്ടുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷനിലെ തന്നെ ക്ലബായ പ്ലേമൗത്തുമായി ചര്‍ച്ച് ഹൃസ്വകാല കരാറിലെത്തി. എന്നാല്‍ ഇതുവരെ അദ്ദേഹത്തിന് കളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. അതോടെ വിരമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.