SHARE

എ ഐ എഫ് എഫ് തങ്ങളോട് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഇന്ത്യൻ ആരോസ് ഒഴികെയുള്ള ഐലീഗ് ക്ലബ്ബുകളെല്ലാം ഈ വർഷത്തെ സൂപ്പർ കപ്പ് മത്സരങ്ങൾ ബഹിഷ്കരിക്കുകയാണെന്ന് ടൂർണമെന്റ് തുടങ്ങുന്നതിന് മുന്നേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഗോകുലംകേരള, ഐസ്വാൾ എഫ് സി, മിനർവ്വ പഞ്ചാബ് എന്നീ മൂന്ന് ടീമുകൾ സൂപ്പർ കപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കെത്തിയില്ല.

എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ അടുത്ത മാസം ഐലീഗ് ക്ലബ്ബുകളുമായി ചർച്ച നടത്താമെന്ന് ഇന്നലെ അറിച്ചതോടെ സൂപ്പർ കപ്പിന്റെ കാര്യത്തിൽ ഐ ലീഗ് ക്ലബ്ബുകളുടെ മനം മാറി. യോഗ്യതാ മത്സരങ്ങൾ ഒന്ന് കൂടി നടത്തുകയാണെങ്കിൽ തങ്ങൾ ഇത്തവണത്തെ സൂപ്പർ കപ്പ് മത്സരങ്ങൾ കളിക്കാൻ തയ്യാറാണെന്ന് ഐലീഗ് ക്ലബ്ബുകൾക്ക് വേണ്ടി മിനർവ്വ പഞ്ചാബ് ഉടമ രഞ്ജിത് ബജാജ് പ്രഖ്യാപിച്ചു. എന്നാൽ ഇത്തരമൊരു കാര്യം നടക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

മിനർവ്വ പഞ്ചാബ്, ഗോകുലം കേരള, ഐസ്വാൾ തുടങ്ങിയ ടീമുകളാണ് സൂപ്പർ കപ്പിന്റെ യോഗ്യതാ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നത്. ഇതിനാൽ ക്വാളിഫയിംഗ് റൗണ്ടിൽ ഈ ടീമുകളുടെ എതിരാളികളായിരുന്ന ഐ എസ് എൽ ക്ലബ്ബുകളായ എഫ് സി പൂനെ സിറ്റി, ചെന്നൈയിൻ, ഡെൽഹി ഡൈനാമോസ് എന്നിവർക്ക് വാക്കോവർ നൽകുകയും അവർ അവസാന റൗണ്ടിലേക്ക് യോഗ്യത നേടുകയുമായിരുന്നു.

വാക്കോവർ നൽകിയ ടീമുകളെ വീണ്ടും വിളിച്ച് യോഗ്യതാ മത്സരങ്ങൾ കളിപ്പിക്കുക എന്നത് നടക്കാൻ ഒരു ശതമാനം പോലും സാധ്യതയില്ലാത്ത കാര്യമാണ്. ഇതിനാൽ സൂപ്പർ കപ്പിലെ അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ ഐലീഗ് ക്ലബ്ബുകൾക്ക് മാത്രമേ ഇനി ഇത്തവണത്തെ സൂപ്പർ കപ്പിൽ കളിക്കാൻ കഴിയൂ. എന്നാൽ യോഗ്യതാ മത്സരങ്ങൾ വീണ്ടും നടത്തണമെന്ന ആവശ്യത്തിൽ ഐലീഗ് ക്ലബ്ബുകളെല്ലാം ഉറച്ചുനിന്നാൽ ഇത്തവണത്തെ സൂപ്പർ കപ്പിന്റെ ഭാവി വളരെ പരിതാപകരമായിരിക്കും.