SHARE

സിഡ്നി ടെസ്റ്റിന്റെ അവസാന ദിനം തന്നെ സ്ലെഡ്ജ് ചെയ്ത ഓസ്ട്രേലിയൻ നായകൻ ടിം പെയിന് തകർപ്പൻ മറുപടി നൽകി ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ. മത്സരത്തി‌ന്റെ അഞ്ചാം ദിവസത്തെ അവസാന സെഷനിലായിരുന്നു അശ്വിന്റെ ഏകാഗ്രത തകർക്കാൻ അദ്ദേഹത്തിനെതിരെ സ്ലെഡ്ജിംഗുമായി പെയിനെത്തിയത്. എന്നാൽ ഓസീസ് നായകന് അപ്പോൾത്തന്നെ അശ്വിൻ മറുപടിയും നൽകുകയായിരുന്നു.

സംഭവം ഇങ്ങനെ, മത്സരത്തിൽ സമനില ലക്ഷ്യമിട്ട് കളിക്കുന്ന ഇന്ത്യ ഓസീസ് ബോളർമാരെ തങ്ങളുടെ പ്രതിരോധത്തിലൂടെ വിഷമിപ്പിച്ചിരിക്കുന്ന സമയം. ഇന്ത്യ‌ൻ സ്കോർ 319/5. ക്രീസിലുണ്ടായിരുന്ന അശ്വിൻ 100 പന്തിൽ 33 റൺസാണ് ഈ സമയം നേടിയിരുന്നത്‌. അശ്വിന്റെ പ്രകടനത്തിൽ തീർത്തും അസ്വസ്ഥനായിരുന്ന പെയി‌ൻ, വലം കൈയ്യൻ സ്പിന്നർ നഥാൻ ലിയോണിന്റെ ഓവറിനിടെ, നിങ്ങളെ ഗാബയിലേക്ക് കൊണ്ടു പോകുന്നതിനായി കാത്തിരിക്കാനാവുന്നില്ലെന്ന് അശ്വിനോട് പറഞ്ഞു. എന്നാൽ പെയിൻ ഇന്ത്യയിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും, അത് (ഇന്ത്യൻ പരമ്പര) താങ്കളുടെ അവസാന പരമ്പരയായിരിക്കുമെന്നും അശ്വിൻ, ഓസീസ് നായകന് മറുപടി നൽകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ അശ്വിൻ.

അതേ സമയം സിഡ്നി ടെസ്റ്റിൽ ഉജ്ജ്വല ബാറ്റിംഗ് പ്രകടനമായിരുന്നു അശ്വിൻ പുറത്തെടുത്തത്. രണ്ടാമിന്നിംഗ്സിൽ ഇന്ത്യയ്ക്കായി ഏഴാമനായി ക്രീസിലെത്തിയ താരം, 128 പ‌ന്തുകളിൽ 39 റൺസെടുത്ത് പുറത്താകാതെ നിന്ന് ടീമിന്റെ ആവേശ സമനിലയിൽ നിർണായക പങ്ക് വഹിക്കുകയായിരുന്നു.